പത്തനംതിട്ട: വരള്‍ച്ച രൂക്ഷമായി കുടിവെള്ളം കിട്ടാതായതോടെ വനപാലകര്‍ കുത്തിയ കിണറില്‍ നിലയ്ക്കാത്ത ജലപ്രവാഹം. പത്തനംതിട്ട എരുമേലി വനം റേഞ്ച് പരിധിയിലെ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് വനപാലകര്‍ കിണറ് കുത്തിയത്. ഏതാനും അടി താഴ്ചയിലേക്ക് കുഴിക്കുമ്പോഴേക്കുമാണ് അത്ഭുത നീരുവ കണ്ടത്. മണിക്കൂറുകള്‍ക്കകം കിണറ്റില്‍ വെള്ളവും നിറഞ്ഞു.
കിണര്‍ കുത്തി എട്ട് അടി ആഴത്തില്‍ എത്തുമ്പോള്‍ വെളളം കണ്ടുതുടങ്ങുമെന്നാണ് വാസ്തു വിദഗ്ധന്‍ പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അഞ്ച് അടി താഴ്ത്തിയപ്പോഴേക്കും ഉറവകള്‍ കണ്ടുതുടങ്ങി. ഫോറസ്റ്റ് ജീവനക്കാരുടെയും മറ്റും നേതൃത്വത്തിലാണ് കിണര്‍ കുഴി ആരംഭിച്ചത്. ഉള്‍വനത്തില്‍ നിന്ന് ഹോസ് ഉപയോഗിച്ചാണു നിലവില്‍ തീര്‍ത്ഥാടകര്‍ക്കായി കാളകെട്ടിയില്‍ വെള്ളം എത്തിക്കുന്നത്.
എന്നാല്‍ പലപ്പോഴും ഹോസുകള്‍ ആനയും മറ്റും ചവിട്ടിപ്പൊട്ടിക്കുന്നതിനാല്‍ ജലവിതരണം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഇതിനിടെ വരള്‍ച്ചയും രൂക്ഷമായതോടെയായിരുന്നു കിണറുകുത്താന്‍ വനപാലകര്‍ തീരുമാനിച്ചത്. രണ്ട് ദിവസം കൊണ്ട് 5 അടി കുഴിച്ചപ്പോള്‍ തന്നെ ജലപ്രവാഹം ആരംഭിച്ചതോടെ, വെള്ളത്തിന്റെ ആധിക്യം മൂലം കിണര്‍ കൂടുതല്‍ ആഴത്തില്‍ കുഴിക്കാനായില്ല.
ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കിണറ്റില്‍ വെള്ളം നിറഞ്ഞു. വനപാലകര്‍ക്കു പുറമെ ഇതുവഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന തീര്‍ത്ഥാടകര്‍ക്കും കുടിക്കാനും മറ്റും ഈ വെള്ളം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
Discussion about this post