കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാർ. 19 പേരാണ് അപകടത്തിൽ മരിച്ചത്. ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇടതുവശത്തെ നിരയിൽ യാത്രചെയ്തിരുന്നവർക്ക് ചെറിയ പരിക്കുകൾ മാത്രമാണ് സംഭവിച്ചത്.
ബസിന്റെ പിന്നിൽനിന്നു മൂന്നാമത്തെ നിരയിൽ ഇരുന്ന രാമചന്ദ്ര മേനോൻ എന്ന യാത്രക്കാരന്റെ വാക്കുകൾ ഇങ്ങനെ. ‘ബ്രേക്ക് ചയ്യാൻ പോലും സാവകാശം കിട്ടിയില്ല, അതിനുമുൻപേ ലോറി ഇടിക്കുകയായിരുന്നു. പിന്നിലിരുന്നവർക്കും അപകടം പറ്റിയിട്ടുണ്ട്. തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്ന് തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിർദിശയിൽ നിന്ന് വന്ന വാഹനം പെട്ടെന്ന് ട്രാക്ക് മാറി ഇടിച്ചു കയറുകയായിരുന്നു.’
കോയമ്പത്തൂരിലെ അവിനാശിയിൽ ഇന്ന് പുലർച്ചെ 3.15നായിരുന്നു അപകടം. മൂന്നു സ്ത്രീകളടക്കം 19 പേരാണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് എറണാകുളത്തുനിന്ന് പോയത് തിങ്കളാഴ്ചയായിരുന്നു. യാത്രക്കാരില്ലാത്തതിനാൽ മടക്കം ഒരു ദിവസം നീട്ടി. 48 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എറണാകുളം രജിസട്രേഷൻ ലോറിയുമായാണ് കൂട്ടിയിടിച്ചത്. മരിച്ചവരിൽ ഏറെയും ബസിന്റെ വലതുവശത്തിരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവർക്ക് നേരിയ പരുക്ക് മാത്രമാണുള്ളത്.
ലോറിയുടെ െൈഡ്രവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം. ബസ് നല്ല വേഗത്തിലായിരുന്നുവെന്നും രാമചന്ദ്രൻ പറയുന്നു. എതിർദിശയിൽ വന്ന കണ്ടെയ്‌നർ ലോറി ഡിവൈഡർ തകർത്താണ് ബസിലേക്ക് ഇടിച്ചുകയറി നിന്നത് എന്നാണ് വിവരം. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
Discussion about this post