കോയമ്പത്തൂര്‍: അവിനാശി ബസ് അപകടത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറായ പാലക്കാട് സ്വദേശി ഹേമരാജാണ് പോലീസില്‍ കീഴടങ്ങിയത്.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസിലേക്ക് ലോറി ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി.
വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ സേലം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു.
പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ 20 പേര്‍ മരിച്ചു. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
Discussion about this post