കോയമ്പത്തൂർ: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയും തമിഴ്നാട്ടിൽ അവിനാശിയിൽ വെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കേരളക്കര. അപകടത്തിൽ മരണസംഖ്യ 20 ആയി. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെഎസ്ആർടിസി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം.
ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. കെഎസ്ആർടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടിഡി ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം.
ബസിന്റെ 12 സീറ്റുകളോളം പൂർണ്ണമായും ഇടിച്ചുതകർന്ന നിലയിലാണ്. മരിച്ചവരിൽ കൃഷ് (29), ജോർദൻ (35), കിരൺകുമാർ (33),ഇഗ്നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ അവിനാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ബസ് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാർ എറണാകുളത്തേക്ക് റിസർവ് ചെയ്തിരുന്നവരാണ്. യാത്രക്കാരെ കുറിച്ച് അറിയാൻ 9495099910 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാം
Discussion about this post