കണ്ണൂർ: ഒടുവിൽ കുറ്റം ഏറ്റുപറഞ്ഞും കുറ്റബോധമുണ്ടെന്ന് വെളിപ്പെടുത്തിയും ശരണ്യ. തയ്യിലിൽ കടൽഭിത്തിയിൽ എറിഞ്ഞ് ഒന്നര വയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റബോധമുണ്ടെന്ന് അമ്മ ശരണ്യ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സ്വകാര്യ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, കാണുമ്പോൾ സ്‌നേഹം മാത്രം തോന്നുന്ന കുഞ്ഞുപൈതലിനോട് അമ്മ കാണിച്ച ക്രൂരത ഇതുവരെ തയ്യിലിലെ നാട്ടുകാർക്കും ശരണ്യയുടെ ബന്ധുക്കൾക്കും വിശ്വസിക്കാനായിട്ടില്ല. ലോകത്തിലെ തന്നെ കിട്ടാവുന്ന ഏറ്റവും വലിയ സിക്ഷ തന്റെ മകൾക്ക് നൽകണമെന്നാണ് ശരണ്യയുടെ പിതാവ് വത്സരാജ് പ്രതികരിച്ചത്. ബന്ധുക്കൾ തെളിവെടുപ്പിന് എത്തിച്ച ശരണ്യയെ ഒട്ടേറെ തവണ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
നേരത്തെ, ബുധനാഴ്ച ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ തന്നെ, ഇതൊരു കൊലപാതകമാണെന്ന് പോലീസ് കരുതിയിരുന്നു. പക്ഷെ, അമ്മയാണ് ആ ക്രൂരകൃത്യം ചെയ്തതെന്നത് മണിക്കൂറുകളോളം ചോദ്യംചെയ്തപ്പോഴാണ് തെളിഞ്ഞത്. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് ശരണ്യ കരുതിയത്. പക്ഷെ, തിരയിൽ മൃതദേഹം തിരിച്ചെത്തി കൽഭിത്തിയിൽ കുടുങ്ങുകയായിരുന്നു. ഭർത്താവ് പ്രണവിനെ കേസിൽ കുടുക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഇതെല്ലാം ചെയ്തതാകട്ടെ കാമുകനൊപ്പം ജീവിക്കാനും.
കുഞ്ഞിനെ എറിഞ്ഞുകളഞ്ഞ് ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പോലീസിൽ പരാതിപറയാനും പറഞ്ഞയയ്ക്കുകയായിരുന്നു.
കൊലപാതകത്തിൽ ആദ്യം നാട്ടുകാർക്ക് ഭർത്താവിനെ നേരിയ സംശയമുണ്ടായിരുന്നു. കാരണം, അയാൾ ഏറെക്കാലത്തിനുശേഷമാണ് ശരണ്യയുടെ വീട്ടിൽ വരുന്നത്. സത്യത്തിൽ ശരണ്യ ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭർത്താവിനേയും കുഞ്ഞിനേയും ഒഴിവാക്കാനാണ് ശരണ്യ അതിബുദ്ധി കാണിച്ചത്.
കുഞ്ഞിനെ ഇല്ലാതാക്കാനായി പുലർച്ചയോടെ ശരണ്യ കടൽഭിത്തിയ്ക്ക് അരികിലേക്ക് പോവുകയായിരുന്നു. കരിങ്കല്ലിൽ തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റെയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്.
Discussion about this post