കണ്ണൂർ: കണ്ണൂർ തയ്യിൽ കടപ്പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴും നിർവികാരയായി നിന്ന് നാടിന്റെ മുഴുവൻ ശാപവാക്കുകൾ കേട്ട ശരണ്യ കേരളക്കരയ്ക്ക് തന്നെ ഞെട്ടലാകുന്നു. കടൽഭിത്തിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ ഒന്നരവയസ്സുകാരനെ ശരണ്യ കരിങ്കൽ ഭിത്തിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും രണ്ടുതവണ എറിഞ്ഞുകളഞ്ഞുവെന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തൽ. കുഞ്ഞ് ജീവനുവേണ്ടി കേഴുമ്പോഴും മനസലിയാത്ത ഇവരെ അമ്മയെന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കരുതെന്നാണ് സോഷ്യൽമീഡിയ മുഴുവൻ ആവശ്യപ്പെടുന്നത്.
അതേസമയം, കുഞ്ഞ് വിയാനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈൽ പിക്ചർ പോലും വിയാന്റെ ചിത്രമാണ്. ഇതടക്കം കുട്ടിയുടെ നിരവധി ചിത്രങ്ങളാണ് ഫേസ്ബുക്കിൽ നിറയെ. ഭർത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.
കാണുമ്പോൾ സ്നേഹം മാത്രം തോന്നുന്ന കുഞ്ഞുപൈതലിനോട് അമ്മ കാണിച്ച ക്രൂരത ഇതുവരെ തയ്യിലിലെ നാട്ടുകാർക്കും ശരണ്യയുടെ ബന്ധുക്കൾക്കും വിശ്വസിക്കാനായിട്ടില്ല. ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ തന്നെ, ഇതൊരു കൊലപാതകമാണെന്ന് പോലീസ് തുടക്കത്തിലേ കരുതിയിരുന്നു. പക്ഷെ, അമ്മയാണ് ആ ക്രൂരകൃത്യം ചെയ്തതെന്നത് മണിക്കൂറുകളോളം ചോദ്യംചെയ്തപ്പോഴാണ് തെളിഞ്ഞത്. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് ശരണ്യ കരുതിയത്. പക്ഷെ, തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങുകയായിരുന്നു.
കുഞ്ഞിനെ എറിഞ്ഞുകളഞ്ഞ് ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പോലീസിൽ പരാതിപറയാനും പറഞ്ഞയുകയായിരുന്നു.
കൊലപാതകത്തിൽ ആദ്യം നാട്ടുകാർക്ക് ഭർത്താവിനെ നേരിയ സംശയമുണ്ടായിരുന്നു. കാരണം, അയാൾ ഏറെക്കാലത്തിനുശേഷമാണ് ശരണ്യയുടെ വീട്ടിൽ വരുന്നത്. സത്യത്തിൽ ശരണ്യ ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിന്റെ കൊലപാതകം പ്രണവിന്റെ മേൽ ആരോപിക്കുകയായിരുന്നു ലക്ഷ്യം.
Discussion about this post