കൊച്ചി: കേരളാ പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകന്റെ ഹര്‍ജി. അതിനാല്‍ കേസ് എടുക്കാനാകില്ല. ഈ വിഷയത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല. വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പോലീസിന്റെ പക്കലുണ്ടായിരുന്ന 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസ് സിബിഐയോ, എന്‍ഐഎയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജി ഹൈക്കോടതിയില്‍ എത്തി. കോട്ടയം സ്വദേശിയായ രഘുചന്ദ്ര കൈമളാണ് പുതിയ ഹര്‍ജി നല്‍കിയത്.
കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് 12,061 വെടിയുണ്ടകളും വെടിക്കോപ്പുകളും റൈഫിളുകളും കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തതായും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post