കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. കോര്‍പ്പറേഷന്‍ യോഗത്തിനിടെ മേയര്‍ സുമ ബാലകൃഷ്ണനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ ഉച്ചവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കണ്ണൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കോര്‍പ്പറേഷന്‍ മന്ദിരത്തിന് പുറത്ത് ഡെപ്യൂട്ടി മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഈ വിഷയം ഇടതു കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു കൗണ്‍സിലര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിലേക്ക് വരുമ്പോള്‍ തന്നെ കടത്തി വിടാതെ തടഞ്ഞു. പ്രമോദ് എന്ന കൗണ്‍സിലര്‍ നെഞ്ചത്ത് കുത്തുകയും ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് വീണതോടെ പിന്നെ സംഘര്‍ഷമായി. രാജീവ്, മുരളി, സജിത്ത് എന്നീ കൗണ്‍സിലര്‍മാരും ആക്രമിച്ചവരിലുണ്ടായിരുന്നുവെന്നും മേയര്‍ പറഞ്ഞു. മേയര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സുരക്ഷിതയായി പുറത്ത് എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു. അതെസമയം തങ്ങളെ മര്‍ദിച്ചു എന്നാരോപിച്ച് ഇടത്-വലത് കൗണ്‍സിലര്‍മാര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.