കൊച്ചി: മോഷണത്തിനായി ഇറങ്ങിത്തിരിച്ച കള്ളൻ ആദ്യം സമീപത്തെ കടകളിൽ കയറി പണവും രേഖകളും മോഷ്ടിച്ച് ഹരം കയറിയതോടെ തൊട്ടടുത്ത വീട്ടിലും കയറി. എന്നാൽ ആ വീട് രാജ്യം കാക്കുന്ന പട്ടാളക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ മനസ്താപം സഹിക്കാനാകാതെ മാപ്പ് ചോദിച്ച് വ്യത്യസ്തനായിരിക്കുകയാണ് ഈ കള്ളൻ.
പട്ടാളക്കാരന്റെ വീടിന്റെ ചുമര് നിറയെ മാപ്പപേക്ഷ നിറച്ചാണ് തൃപ്പുണിത്തുറ തിരുവാങ്കുളത്തെ മോഷ്ടാവ് തിരിച്ചുപോയത്. കഴിഞ്ഞദിവസം രാത്രി തിരുവാങ്കുളത്തെ അഞ്ച് കടകളിൽ മോഷണം നടത്തി പതിനായിരത്തിലേറെ രൂപ മോഷ്ടിച്ചാണ് കള്ളൻ പാലത്തിങ്കൽ ഐസക്ക് മാണി എന്നയാളുടെ വീട്ടിൽ കയറിയത്. ഇവിടെവെച്ച് മോഷണമുതലുകൾ പരിശോധിക്കുകയും എന്തെങ്കിലും അടിച്ചുമാറ്റുകയുമായിരുന്നു മോഷ്ടാവിന്റെ ലക്ഷ്യം. എന്നാൽ വീട്ടിനുള്ളിൽ ഒരു പട്ടാളക്കാരന്റെ തൊപ്പി കണ്ടതോടെ കള്ളന്റെ മനസുമാറി. കുറ്റബോധവും ഉടലെടുത്തു. വീടിന്റെ ചുമരിൽ കള്ളൻ എഴുതിയത് ഇങ്ങനെ
‘ബൈബിളിലെ ഏഴാമത്തെ കല്പന ഞാൻ ലംഘിച്ചു. പക്ഷേ, എന്റെ മുന്നിൽ നിങ്ങളും നരകത്തിൽ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാനനിമിഷമാണ് മനസിലായത്. തൊപ്പി കണ്ടപ്പോൾ. ഓഫീസർ ക്ഷമിക്കണം’ മാപ്പപേക്ഷയ്ക്ക് പുറമെ മോഷണം നടത്തിയ കടയിൽനിന്ന് എടുത്ത ബാഗ് തിരിച്ചേൽപ്പിക്കണമെന്നും കള്ളൻ ചുമരിൽ എഴുതിയിട്ടുണ്ട്. ബാഗിൽനിന്ന് പണം നഷ്ടമായിട്ടുണ്ടെങ്കിലും പേഴ്സും രേഖകളും തിരിച്ചേൽപ്പിച്ചു. ഇത് തിരികെ നൽകണമെന്നാണ് കള്ളന്റെ നിർദേശം.
സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നെങ്കിലും അത് പണിമുടക്കിയത് പോലീസിന് തിരിച്ചടിയായി. കള്ളനെ കണ്ടെത്താൻ തൃപ്പുണിത്തുറ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Discussion about this post