തൃശ്ശൂര്‍: സാഹിത്യകാരനും അധ്യാപകനുമായ സഖാവ് പ്രകാശ് മാഷിന്റെ ഓര്‍മ്മകള്‍ പുതുക്കി സാഹിത്യകാരി ദീപ നിശാന്ത്. പ്രകാശ് മാഷ് അവസാനമെഴുതിയ പുസ്തകത്തിന്റെ ‘ അലോസരങ്ങള്‍ അര്‍ദ്ധവിരാമങ്ങള്‍’ എന്ന തലക്കെട്ടിനു പോലും ഒരുപാടാഴമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
നല്ല സുഹൃത്താവേണ്ടതെങ്ങനെ? നല്ല സഖാവാകേണ്ടതെങ്ങനെ? നല്ല അധ്യാപകനാകേണ്ടതെങ്ങനെ? സര്‍ഗ്ഗാത്മകമായി കലഹിക്കേണ്ടതെങ്ങനെ? കുടുംബത്തിനകത്ത് ഒരു പുരുഷന്‍ ജനാധിപത്യപരമായി ഇടപെടേണ്ടതെങ്ങനെ? എന്നതിനെല്ലാം മികച്ച ഉദാഹരണമായിരുന്നു പ്രകാശ് മാഷ് എന്ന് ദീപ നിശാന്ത് പറയുന്നു.
ഒരു നല്ല അധ്യാപകന് കുട്ടികളില്‍ ആവശ്യബോധവും താല്‍പ്പര്യവും ജനിപ്പിക്കാന്‍ കഴിയുമെന്നതിന് മാഷോളം നല്ല ഉദാഹരണം വേറെയില്ലെന്നും ഓരോ കുട്ടിയുടേയും ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് അവരെ ഉള്‍ക്കൊള്ളാന്‍ മാഷിനാവുമായിരുന്നുവെന്നും ദീപ നിശാന്ത് കൂട്ടിച്ചേര്‍ത്തു.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പ്രകാശ് മാഷ് അവസാനമെഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ‘ അലോസരങ്ങള്‍ അര്‍ദ്ധവിരാമങ്ങള്‍’ എന്നാണ്. ആ തലക്കെട്ടിനു പോലും ഒരുപാടാഴമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു.
ജീവിതത്തിന് അര്‍ദ്ധവിരാമമിട്ടാണ് മാഷ് കടന്നുപോയത്.. പ്രിയപ്പെട്ടവരില്‍ അതിതീവ്രമാം വിധം അലോസരമുയര്‍ത്തിയ അര്‍ദ്ധവിരാമം..!
എല്ലാവരുടെ ജീവിതത്തിലും പല അടരുകളുണ്ടായിരിക്കും. അതില്‍ ചില റോളുകളിലൊക്കെ നമുക്ക് എ പ്ലസ് കിട്ടും. ചിലതില്‍ പാസ് മാര്‍ക്ക് പോലും കിട്ടാതെ പരാജയപ്പെടും.
പ്രകാശ് മാഷങ്ങനെയല്ലായിരുന്നു.
നല്ല സുഹൃത്താവേണ്ടതെങ്ങനെ?
നല്ല സഖാവാകേണ്ടതെങ്ങനെ?
നല്ല അധ്യാപകനാകേണ്ടതെങ്ങനെ? സര്‍ഗ്ഗാത്മകമായി കലഹിക്കേണ്ടതെങ്ങനെ?
കുടുംബത്തിനകത്ത് ഒരു പുരുഷന്‍ ജനാധിപത്യപരമായി ഇടപെടേണ്ടതെങ്ങനെ?
മകന്‍,കാമുകന്‍, ഭര്‍ത്താവ്,അച്ഛന്‍.. എല്ലാ റോളുകളും മാഷിന്റെ കൈകളില്‍ ഭദ്രമായിരുന്നു
അത്ഭുതവും കടുത്ത അസൂയയും തോന്നിയിട്ടുണ്ട് മാഷോട്.പ്രകാശ് മാഷിന്റെ ക്ലാസു കഴിഞ്ഞ് അടുത്ത പിരീഡ് ക്ലാസിലേക്കു കയറുമ്പോള്‍ അന്തരീക്ഷമാകെ ഒരു പ്രസരിപ്പ് തങ്ങി നില്‍ക്കുന്നതു പോലെ തോന്നാറുണ്ട്. ആ പ്രസരിപ്പിലേക്കാണ് നമ്മള്‍ പ്രവേശിക്കുക. ഒരു നല്ല അധ്യാപകന് കുട്ടികളില്‍ ആവശ്യബോധവും താല്‍പ്പര്യവും ജനിപ്പിക്കാന്‍ കഴിയുമെന്നതിന് മാഷോളം നല്ല ഉദാഹരണം വേറെയില്ല.ഓരോ കുട്ടിയുടേയും ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് അവരെ ഉള്‍ക്കൊള്ളാന്‍ മാഷിനാവുമായിരുന്നു. നമ്മുടെ ‘ഗുരു’സങ്കല്‍പ്പം അടിമത്തത്തെ പുനരുല്‍പ്പാദിപ്പിക്കുന്നതാണെന്ന് പറഞ്ഞത് വിജയന്‍ മാഷാണെന്നു തോന്നുന്നു. ജ്ഞാനത്തിന്റെ സര്‍വ്വജ്ഞപീഠം കയറിയ ഗുരു ജ്ഞാനം ഛര്‍ദ്ദിച്ചുകൊടുക്കുമ്പോള്‍ തിത്തിരിപ്പക്ഷിയായി മാറി അത് കൊത്തിക്കുടിച്ച് തൈത്തിരീയോപനിഷത്തുണ്ടാക്കുന്ന ശിഷ്യരെയാണ് പലരും പ്രതീക്ഷിക്കുന്നത്.
മാഷങ്ങനെയല്ലായിരുന്നു.
അപകര്‍ഷതാബോധം കൊണ്ടു ചൂളി ഒരു കുട്ടിക്കും മാഷിന്റെ ക്ലാസ്സില്‍ ഇരിക്കേണ്ടി വന്നിട്ടില്ലായിരുന്നു. അച്ചടക്കത്തിന്റെ വാള്‍ വീശി വിദ്യാര്‍ത്ഥികളെ നിര്‍വ്വീര്യമാക്കുന്ന രീതി മാഷിനില്ലായിരുന്നു.
ബി എക്കാരുടെ സെന്റോഫിന് മൈക്കിനു മുന്നില്‍ രണ്ടുനിമിഷം കണ്ണടച്ചു നിന്ന് ഓര്‍മ്മകളില്‍ നിന്ന് ഓരോ കുട്ടിയുടേയും പേരുകള്‍ അവര്‍ ക്ലാസ്സിലിരിക്കുന്ന അതേ ക്രമത്തില്‍ പറഞ്ഞ് കടന്നുപോകുന്നവരെല്ലാം എന്റെ നെഞ്ചില്‍ ഭദ്രമായിരിപ്പുണ്ടെന്ന് സാന്ത്വനിപ്പിച്ച പ്രകാശ് മാഷ് എന്തൊരു സുന്ദരസ്മരണയാണ്!
ഞങ്ങളുടെ ഇന്റര്‍വ്യൂ ദിവസമാണ് മാഷെ ആദ്യമായി കാണുന്നത്.ദേവസ്വം ബോര്‍ഡിലെ ഏതോ ജീവനക്കാരന്‍ എന്നേ കരുതിയുള്ളു.ഉദ്യോഗാര്‍ത്ഥിയുടെ പരമ്പരാഗത അച്ചടക്കങ്ങളൊന്നുമില്ലാതെ ചുളിഞ്ഞ മുണ്ടും നിറം മങ്ങിയ ഷര്‍ട്ടും അവിടവിടെയായി നരച്ച താടിയും മീശയുമായി അലസമായ മന്ദഹാസത്തോടെ പരിസരങ്ങളെ നിഷ്പ്രഭമാക്കുന്ന, നിരാര്‍ഭാടമായ ചലനങ്ങളോടെ മുന്നില്‍ വന്നിരുന്ന ആ മനുഷ്യനായിരുന്നു ഞങ്ങളുടെ ഇന്റര്‍വ്യൂവില്‍ ഒന്നാമന്‍.
പി വി പ്രകാശ്ബാബു എന്ന പേര് ആരോ വിളിച്ചപ്പോള്‍ ഒരു ഫയലുമായി തിടുക്കത്തില്‍ എഴുന്നേറ്റ് മാഷ് അകത്തേക്കു നടന്നത് ഇന്നലെ കഴിഞ്ഞപോലെ ഓര്‍മ്മയിലുണ്ട്.
മാഷന്ന് ഫറൂഖ് കോളേജിലെ അധ്യാപകനാണ്. അവിടെ സ്ഥിരാധ്യാപകനായ ഒരാളെന്തിനാണ് ഞങ്ങളുടെ അവസരം കളയാന്‍ ഇങ്ങോട്ടു വന്നതെന്ന ഈര്‍ഷ്യയോടെയാണ് അന്ന് മാഷെ നോക്കിയത്.
ആ ഈര്‍ഷ്യയ്ക്ക് അന്നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
പിന്നീട് ഒന്നിച്ച് ജോലി ചെയ്ത സന്ദര്‍ഭങ്ങളിലൊരിക്കല്‍പ്പോലും ഒന്ന് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നിട്ടില്ല. HOD
എന്ന നിലയില്‍ കര്‍ശനമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന സമയത്തു പോലും മാഷ് ശാന്തനായിരുന്നു. അധികാരിയുടെ സ്വരം ഒരിടത്തും മാഷ് പ്രയോഗിച്ചതായി കണ്ടിട്ടില്ല. വിയോജിപ്പുകളെ ഇത്ര സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യന്‍ എന്നും ഒരത്ഭുതമായിരുന്നു.
സഖാവ് പ്രകാശ് ബാബുവിനെ എനിക്കത്ര പരിചയമില്ലായിരുന്നു.പ്രകാശ് ബാബു എന്ന സുഹൃത്തിനെ – അധ്യാപകനെ – സഹപ്രവര്‍ത്തകനെ – കണ്ടൊക്കെയായിരുന്നു എറെ പരിചയം.
ഇന്നലെ പലരുടേയും വാക്കുകളില്‍ മാഷിന്റെ ഉജ്ജ്വലമായ മറ്റൊരു മുഖം കൂടി കണ്ടു.
അടിയേറ്റു ചോരയില്‍ കുളിച്ചു കൊണ്ട് തളര്‍ന്നുവീണപ്പോഴും പിന്നെയും ‘ഇന്‍ക്വിലാബ്’ വിളിച്ചെഴുന്നേറ്റ് കൂട്ടുകാരെ പൊതിഞ്ഞു പിടിച്ചിരുന്ന സഖാവ്!
സമരതീക്ഷ്ണമായ മുദ്രാവാക്യങ്ങളില്‍ സര്‍ഗ്ഗാത്മകതയുടെ മിന്നല്‍പ്പിണരുകള്‍ സൃഷ്ടിച്ച് ഒപ്പമുള്ളവരില്‍ ആവേശമുണര്‍ത്തിയ അവരുടെ പ്രകാശേട്ടന്‍..
വി കെ എന്റെ ‘അധികാരം’ എന്ന നോവല്‍ സിലബസ്സില്‍ നിന്നും പിന്‍വലിച്ചപ്പോള്‍ എം എന്‍ വിജയന്‍ മാഷോടൊപ്പം നിരാഹാരമനുഷ്ഠിച്ച് അധികാരക്കസേരകള്‍ വിറപ്പിച്ച സമരനേതാവ്..
ഞങ്ങള്‍ക്ക് ആ പ്രകാശ്ബാബുവിനെ അത്ര പരിചയമില്ലായിരുന്നു.
ശാന്തമായി, പതിഞ്ഞ്, അല്‍പ്പം ചിലമ്പിച്ച ഒച്ചയില്‍, എതിരാളികളില്‍ പോലും ബഹുമാനമുയര്‍ത്തും വിധം യുക്തിഭദ്രമായി സംസാരിക്കുന്ന – ആഴത്തില്‍ തുളച്ചുകയറുന്ന നര്‍മ്മം കൊണ്ട് അന്തരീക്ഷം പ്രകാശമാനമാക്കിയ ഒരാളെ കണ്ടായിരുന്നു ഞങ്ങള്‍ക്ക് പരിചയം..
മാഷേ,
മേഘം പോലെ നിങ്ങള്‍ക്ക് എത്രയെത്ര നിറഭേദങ്ങളായിരുന്നു