ദേവസ്വത്തിലെ തല മുതിര്‍ന്ന ആനയായ ഗുരുവായൂര്‍ പത്മനാഭന്റെ ആരോഗ്യ നിലയില്‍ ആശങ്ക; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ഗുരുവായൂര്‍: ആരാധകരേറെയുള്ള ദേവസ്വത്തിലെ തല മുതിര്‍ന്ന ആനയായ ഗുരുവായൂര്‍ പത്മനാഭന്റെ ആരോഗ്യ നിലയില്‍ ആശങ്ക തുടരുന്നു. മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ല. ഒരാഴ്ചയായി ചികിത്സ നല്‍കിയിട്ടും താടിയിലും അടിവയറ്റിലുമുള്ള നീര് കുറയുന്നില്ലെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ആനയ്ക്ക് 80 വയസ് കഴിഞ്ഞു.

ആനയുടെ രക്തത്തില്‍ ശ്വേത രക്താണുക്കളുടെ അളവ് വളരെ കൂടുതലാണ്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ട്. ഇതുവരെ നല്‍കിയ മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ ഇന്നലെ മുതല്‍ വീര്യമേറിയ ആന്റിബയോട്ടിക് നല്‍കി തുടങ്ങി. അണുബാധയുടെ ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ ആയുര്‍വേദ മരുന്നുകളും നല്‍കുന്നുണ്ടെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി അസമില്‍ നിന്നുള്ള വിദഗ്ധനായ വെറ്ററിനറി സര്‍ജന്‍ ഡോ. കുനാല്‍ ശര്‍മയെ എത്രയും വേഗം എത്തിക്കാനുള്ള ശ്രമം ദേവസ്വം ആരംഭിച്ചു. കൂടുതല്‍ ചികിത്സ നല്‍കാനില്ലെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. 24 മണിക്കൂറും പരിചരിക്കാന്‍ ആളുണ്ട്.

Exit mobile version