മലപ്പുറം: തിരൂരിലെ ഒരു കുടുംബത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. നേരത്തെ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും പിതാവിന്റെ സഹോദരി പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ ആര്‍ക്കായാലും സംശയം തോന്നും എന്തായാലും അന്വേഷണം നടക്കട്ടെയെന്നും അവര്‍ പറഞ്ഞു.
”കുട്ടികളുടെ മരണത്തിനു ഡോക്ടര്‍മാര്‍ക്കു പോലും കാരണം കണ്ടെത്താനായില്ല. നേരത്തെ ഒരു കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. മൂന്നാമത്തെ കുട്ടി മരിച്ചപ്പോള്‍ അങ്ങോട്ടു പോയി ആവശ്യപ്പെട്ട് പോസ്റ്റ് മോര്‍ട്ടം നടത്തിയതാണ്. അതിലും ഒന്നും കണ്ടെത്തിയില്ല. ഇപ്പോള്‍ അന്വേഷണം നടക്കുകയാണെങ്കില്‍ നടക്കട്ടെ. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തീരുമല്ലോ”- പിതാവിന്റെ സഹോദരി പറഞ്ഞു.
നാലര വയസുള്ള കുട്ടി നേരത്തെ വിളിക്കണം എന്നു പറഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. പെട്ടെന്നു മരിക്കുകയായിരുന്നു. പിന്നീട് രാവിലെ 6.10 വരെ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് പെട്ടെന്നു മരിച്ചത്. ഇടയ്ക്കെല്ലാം ഫിറ്റ്സ് പോലെ വരും. അല്ലാതെ ഒരു കുഴപ്പവുമില്ലാത്ത കുട്ടികളാണ്. കുട്ടികളുടെ മരണത്തില്‍ ആര്‍ക്കായാലും സംശയം തോന്നുമെന്നും അവര്‍ പറഞ്ഞു.
തറമ്മല്‍ റഫീഖ്-സബ്ന ദമ്പതിമാരുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞും ചൊവ്വാഴ്ച രാവിലെ മരിച്ചതോടെയാണ് നാട്ടുകാര്‍ സംശയം ഉന്നയിച്ചത്. കുഞ്ഞിന്റെ മൃതദേഹം മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിക്കുകയും ചെയ്തു. സംഭവത്തില്‍ സംശയം തോന്നിയ അടുത്ത വീട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.
Discussion about this post