അമ്പലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നുവയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി. നില മെച്ചപ്പെട്ടുവരുന്നതിനാല് കുട്ടിക്ക് തത്കാലം ശസ്ത്രക്രിയ വേണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. അതെസമയം രണ്ടാഴ്ചയെങ്കിലും കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കേണ്ടിവരുമെന്നും ബോര്‍ഡ് വിലയിരുത്തി.
ശാരീരികവും മാനസികവുമായ ക്ഷതങ്ങള്‍ സുഖപ്പെട്ടുവരികയാണ്. കുട്ടി ആഹാരം കഴിക്കുന്നുണ്ട്. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണവിഭാഗത്തിലാണ് കുട്ടിയുള്ളത്.
അതേസമയം കേസില്‍ എത്രയുംവേഗം കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പ്രതികള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ത്തന്നെ വിചാരണനടപടികള്‍ നടത്താനാണ് സംഘം ശ്രമിക്കുന്നത്. രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ കുട്ടിയെ ശനിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രൂരമര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും സാരമായ പരിക്ക് പറ്റിയിരുന്നു.
സംഭവത്തില്‍ അമ്മയെയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന കാക്കാഴം പുതുവല്‍ വൈശാഖിനെ(31)യും അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. രണ്ട് പേര്‍ക്ക് എതിരെയും വധശ്രമത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു.
Discussion about this post