കുഞ്ഞിന്റെ മൃതദേഹം കടൽത്തീരത്ത്; മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: തയ്യിലിൽ കടപ്പുറത്ത് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി അന്വേഷണ സംഘം. പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വീട്ടിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളുടെ പങ്കാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിലാണ്. തയ്യിൽ കടപ്പുറത്തെ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് നടപടി.

കിടത്തി ഉറക്കിയ ഒരു വയസ് പ്രായമുള്ള വിയാനെ തിങ്കളാഴ്ച പുലർച്ചെ മുതലാണ് കാണാതായത്. വെളുപ്പിന് മൂന്നുമണിവരെ ശരണ്യയ്‌ക്കൊപ്പം കുട്ടിയുണ്ടായിരുന്നുവെന്നാണ് വിവരം. പിന്നീട് കാണാതായതോടെ കുഞ്ഞിന്റെ അച്ഛൻ പ്രണവാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.

ഏറെ നേരം തുടർന്ന തെരച്ചിലിന് ഒടുവിൽ രാവിലെ പതിനൊന്നോടെ വീടിനു സമീപത്തെ കടൽത്തീരത്തെ പാറക്കൂട്ടത്തിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് ആദ്യം തന്നെ സൂചനകൾ ലഭിച്ചിരുന്നു.

അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. ശരണ്യയും, പ്രണവും തമ്മിൽ സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. കുട്ടിയുടെ മരണവുമായി ശരണ്യയ്‌ക്കോ പ്രണവിനോ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫോറൻസിക് വിദഗ്ധർ വീട്ടിൽ പരിശോധന നടത്തി. വിയാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റി.

Exit mobile version