തൃശ്ശൂർ: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ മ്യൂസിക്കൽ ഷോ വഴി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയില്ലെന്ന വിവാദം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഇതിനിടെ പരിപാടിയുടെ സംഘാടകരായ സംവിധായകൻ ആഷിക്ക് അബുവിനും സംഗീത സംവിധായകൻ ബിജിപാലിനും നേരെ സോഷ്യൽമീഡിയ ആക്രമണവും കടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കരുണ എന്ന പരിപാടിയെ സംബന്ധിച്ച് ചിലർ അസത്യം മനഃപൂർവ്വം പ്രചരിപ്പിക്കുകയാണെന്ന ഫേസ്ബുക്ക് കുറിപ്പുമായി ക്രിയേറ്റീവ് ഡയറക്ടർ ഫേവർ ഫ്രാൻസിസ് രംഗത്തെത്തിയിരിക്കുന്നത്.
കരുണ മ്യൂസിക്കൽ പ്രോഗ്രാം നഷ്ടമായിരുന്നെന്ന സംഘാടകരുടെ വാദങ്ങൾക്ക് നേരെ ആക്രോശിക്കുന്നവർക്കുള്ള മറുപടി കൃത്യമായി പറയുന്ന കുറിപ്പാണ് ഫേവർ ഫ്രാൻസിസ് പങ്കുവെച്ചിരിക്കുന്നത്. സ്‌പോൺസർമാർ എന്നാൽ പണം വാരി എറിയുന്നവർ മാത്രമല്ലെന്നും പരിപാടിയുമായി പലതരത്തിൽ സഹകരിച്ചവരാകാം എന്നും അദ്ദേഹം തന്റെ കുറിപ്പിൽ വിശദീകരിക്കുന്നു.
ഫേവർ ഫ്രാൻസിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പണം വാരിയെറിയുന്നവർ മാത്രമല്ല മിത്രങ്ങളെ സ്പോൺസർമാർ
കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണയെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളെ സശ്രദ്ധം നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് കരുണക്ക് സ്‌പോൺസർമാരില്ലായിരുന്നു എന്നും അത് ഒരു സെല്ഫ് ഫണ്ടഡ് പ്രോഗ്രാമായിരുന്നു എന്നുള്ള ഫൗണ്ടേഷന്റെ പ്രസ്താവനയെ ഖണ്ഡിക്കുവാനായി സംഘി പേജുകളിൽ കരുണ പോസ്റ്ററിന്റെ താഴെ വെച്ചിട്ടുള്ള കുറെ ലോഗോകളിലേക്ക് ഒരു അമ്പടയാളമിട്ട് പ്രചരിപ്പിക്കുന്നത് കണ്ടത്. ക്രീയേറ്റീവ് പാർട്ണറായി ‘പോപ്പ്‌കോൺ’ എന്ന ഡിസൈൻ കമ്പനിയും റേഡിയോ പാർട്ണർ ആയി ‘റെഡ് എഫ് എമ്മും’ ഇവൻറ് പാർട്ണർ ആയി ‘ഇമ്പ്രെസാരിയോ’യും ഔട്ട് ഡോർ പാർട്ണർ ആയി ‘സീറോ ഡിഗ്രി’യും അടക്കം 8 കമ്പനികളുടേതാണ് ആ ലോഗോകൾ. റെഡ് എഫ് എം ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാം ഒരു ഇവന്റിന് വേണ്ട സ്ഥലസൗകര്യങ്ങൾ മുതൽ പബ്ലിസിറ്റി വരെയുള്ള സർവീസുകൾ നൽകുന്ന കമ്പനികൾ ആണ്. ഇവന്റിന്റെ പോസ്റ്റർ ഡിസൈൻ ചെയ്യാനും ഹോര്ഡിങ്ങുകൾ വെക്കാനും സ്ഥലം കൊടുക്കാനും ഓൺലൈൻ പ്രമോഷൻ ചെയ്യാനും പരസ്യങ്ങൾ സംപ്രേഷണം ചെയ്യാനുമൊക്കെ കരുണയുമായി കൈകോർത്തതിനാലാണ് ഇവരെല്ലാം സ്‌പോണ്‌സര്മാരായി മാറുന്നതെന്ന് മനസിലാക്കാൻ ഒരു തവണയെങ്കിലും പഠിക്കുന്ന കോളേജിലോ നാട്ടിലെ ക്ലബ്ബിനോ വേണ്ടി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള ആർക്കും മനസിലാക്കാം. ഈ കമ്പനികളെല്ലാം അവരുടെ സേവനങ്ങൾ സൗജന്യമായോ അല്ലെങ്കിൽ അവർ സാധാരണ കമേഴ്സ്യൽ പ്രോജക്ടുകൾക്ക് വാങ്ങിക്കുന്നതിൽ നിന്ന് കുറഞ്ഞൊരു തുകക്കോ കരുണക്ക് വേണ്ടി പ്രവർത്തിച്ചവരാണ്. അത് കൊണ്ട് കരുണക്ക് കോടിക്കണക്കിനു രൂപയുടെ സാമ്പത്തികനേട്ടമുണ്ടായി എന്നൊക്കെ പ്രചരിപ്പിക്കുന്നവർ സത്യമറിയാത്തവരല്ല. അറിഞ്ഞിട്ടും വിഷവിത്തുകൾ സമൂഹത്തിലേക്ക് വാരിയെറിയുന്ന അധമന്മാരാണ്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ എന്ന കൂട്ടായ്മക്ക് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരിൽ പലരെയും എനിക്ക് നേരിട്ട് പരിചയമുണ്ട്. എന്നും കണ്ടു മുട്ടുന്നവരോ ഫോണിൽ സംസാരിക്കുകയോ ചെയ്യുകയോ ചെയ്യുന്നവരൊന്നുമല്ല അവർ. ഒന്നോ രണ്ടോ വട്ടം മാത്രം നേരിട്ട് കാണുകയും ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി പരസ്പരം മെസേജ് അയക്കുകയോ ഫോൺ ചെയ്യുകയോ മാത്രം ചെയ്തിട്ടും ഒരു വട്ടം പോലും അവർ എടുക്കുന്ന നിലപാടുകളുടെ സത്യസന്ധത സംശയിക്കപ്പെടേണ്ടതാണെന്ന് തോന്നിപ്പിക്കാൻ ഇടതരാത്ത കറ കളഞ്ഞ വ്യക്തിത്വങ്ങൾ.
അക്കൂട്ടത്തിൽ ഏറ്റവും പരിചയമുള്ളതും കണ്ടുമുട്ടിയിട്ടുള്ളതും എന്നും സംഘികളുടെ തെറിവിളികൾ കേൾക്കേണ്ടി വരുന്ന ആഷിഖ് അബുവിനെയാണ്. രാഷ്ട്രീയമായി ഇരു ചേരിയിൽ നിൽക്കുമ്പോഴും ഒരു ഫിലിം മേക്കർ എന്ന നിലയിൽ അതിനേക്കാളുപരി ഒരു മികച്ച സംഘാടകൻ എന്ന നിലയിൽ ഞാൻ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് ആഷിഖ്. ആഷിഖിന്റെ മൂന്ന് സിനിമകളിൽ അഭിനയിക്കുകയും മിക്ക സിനിമകളുടെയും ഷൂട്ടിങ് സെറ്റിൽ ഒരു തവണയെങ്കിലും പോകാൻ കഴിയുകയും ചെയ്ത വ്യക്തി എന്ന നിലയിൽ പറയട്ടെ ആഷിഖ് ഒരു മികച്ച നേതാവാണ്, ഷൈൻ ടോം ചാക്കോയും ശ്യാം പുഷ്‌കരനും ദിലീഷ് നായരും ദിലീഷ് പോത്തനും ആൽബിയും ഷൈജു ഖാലിദും അജയൻ ചാലിശ്ശേരിയും മധു സി നാരായണനുമൊക്കെ ആഷിഖിന്റെ നേതൃത്വത്തിൽ ആവേശത്തോടെ പ്രവർത്തിക്കുന്നത് നേരിട്ട് കണ്ടിട്ടുള്ളവർക്ക് അത് മനസിലാകും. എത്ര വലിയ കാൻവാസിൽ ഉള്ള സിനിമയും ഒരു പിക്‌നിക് പോലെ എന്നാൽ ഒട്ടും ഗൗരവം വിടാതെ ഷൂട്ട് ചെയ്തു തീർക്കാനുള്ള കഴിവും സിനിമയുടെ ഓരോ ഘട്ടങ്ങളിലും കൂട്ടായ തീരുമാനങ്ങളെടുത്തു മുന്നോട്ട് പോകുന്നതിനുള്ള മനസ്സും ആഷിഖിന് ലഭിച്ചിരിക്കുന്നത് വിദ്യാർത്ഥി നേതാവായി പ്രവർത്തിച്ച അനുഭവസമ്പത്തുകൊണ്ടു തന്നെയാണ്. ഇപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകൾ മറച്ചു പിടിക്കുന്ന ആളല്ല ആഷിഖ്. അത്രക്കും രാഷ്ട്രീയത്തിനോടടുത്തു നിൽക്കുന്ന, തന്റെ നിലപാടുകളിൽ വിറളി പൂണ്ടു കടിച്ചു കീറാൻ ഒരെല്ലിൻ കഷ്ണം വീണു കിട്ടാൻ കാത്തിരിക്കുന്ന കൊടിച്ചിപ്പട്ടിക്കൂട്ടം ആർത്തിയോടെ കാത്തുനിൽപ്പുണ്ടെന്ന് നന്നായറിയാവുന്ന ആഷിഖ് അബു ഒരിക്കലും താൻ ഭാഗമായ ഒരു പരിപാടിയിൽ ഒരു തിരിമറിയും നടത്തില്ല എന്നുള്ള മിനിമം ബോധമെങ്കിലുമുള്ളവർക്ക് സത്യം പകൽപോലെ വ്യക്തമാണ്.
ആഷിഖിനും ബിജിബാലിനും ഷഹബാസിനും നന്ദുവിനും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ മറ്റെല്ലാ പ്രവർത്തകർക്കും എന്റെ പിന്തുണ. നിങ്ങളുടെ പരിപാടികൾക്കായി ഇനിയും കാത്തിരിക്കുന്നു.
ഒരു മ്യൂസിക് ഷോയുടെ പണികളുമായി സിംഗപ്പൂരിൽ ആയിപ്പോയി എന്ന കാരണം കൊണ്ട് മാത്രം ‘കരുണ’ കാണാൻ കഴിയാതെ പോയ ഒരു പാട്ടിഷ്ടക്കാരൻ