ബോട്ടിൽ നിന്നും അബദ്ധത്തിൽ കടലിൽ വീണു; ജീവനും കൈയ്യിലൊതുക്കി കര ലക്ഷ്യമിട്ട് മത്സ്യത്തൊഴിലാളി നീന്തിയത് 17 മണിക്കൂർ

ആലപ്പാട്: പുലർച്ചെ ബോട്ടിൽനിന്നും അബദ്ധത്തിൽ കാലുതെന്നി കടലിൽ വീണ മത്സ്യത്തൊഴിലാളി ജീവനും കൈയ്യിലൊതുക്കി നീന്തിയത് 17 മണിക്കൂർ. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി സാമുവൽ (37) ആണ് ഒടുവിൽ കടൽ നീന്തി ജീവൻ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പത്ത് തൊഴിലാളികൾ ഉൾപ്പെടുന്ന ദീപ്തി ബോട്ടിൽ സാമുവൽ മത്സ്യബന്ധനത്തിനായി നീണ്ടകരയിൽനിന്ന് കടലിലേക്കു പോയത്. ശനിയാഴ്ച പുലർച്ചെ നാലരയോടെ കായംകുളം ഹാർബറിന് പടിഞ്ഞാറ് ഉൾക്കടലിൽ പ്രാഥമിക കൃത്യത്തിനിടെയാണ് ബോട്ടിൽനിന്നു തെന്നി കടലിൽ വീണത്. ബോട്ട് ഓടുകയായതിനാൽ കൂടെയുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതുമില്ല. മറ്റ് ബോട്ടുകാരുടെ കണ്ണിൽപ്പെടാനായി ഒരു മണിക്കൂറോളം സാമുവൽ വീണിടത്തുതന്നെ നീന്തിക്കിടന്നു.

പകലായതോടെ കര ലക്ഷ്യമാക്കി നീന്തി. 16 നോട്ടിക്കൽ മൈൽ ദൂരത്തുനിന്ന് എട്ട് നോട്ടിക്കൽ മൈൽ ദൂരത്തോളം കുറേശ്ശെയായി നീന്തി. സന്ധ്യ കഴിഞ്ഞിട്ടും ക്ഷീണിതനായിട്ടും മനസാന്നിദ്ധ്യം കൈവിട്ടില്ല. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ‘യേശു ആരാധ്യൻ’ എന്ന ബോട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ എറിഞ്ഞുകൊടുത്ത കയറിൽ പിടിച്ച് സാമുവൽ രക്ഷാബോട്ടിൽ കയറി. രാത്രി ഒരു മണിയോടെ ബോട്ട് നീണ്ടകരയിലെത്തി. പ്രാഥമികശുശ്രൂഷകൾക്കായി സാമുവലിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഭാര്യ റീജ, മക്കളായ അഖിൽ, അവന്തിക എന്നിവരോടൊപ്പം ആദിനാട് ആറ്റുപറമ്പിൽ സ്‌നേഹതീരം സുനാമി കോളനിയിലാണ് സാമുവലിന്റെ താമസം.

Exit mobile version