കൊച്ചി: പ്രളയാനന്തരം സംഘടിപ്പിക്കപ്പെട്ട കരുണ സംഗീത നിശയ്‌ക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ബിജിപാൽ. സംഗീത നിശക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്ന് ബിജിപാൽ പറഞ്ഞു. സത്യസന്ധമായാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീർത്ത ശേഷം ഭാരവാഹികളുടെ കയ്യിൽ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടിൽ അടക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. രക്ഷാധികാരി എന്ന് നിലയിൽ കളക്ടറുടെ പേര് ഉയർന്നു കേട്ടത് സാങ്കേതിക പിഴവ് മാത്രമാണെന്നും ബിജിപാൽ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ കരുണ എന്ന പേരിൽ സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
വിവാദം ചൂട് പിടിച്ചതോടെ, താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് അറിയിച്ച് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിപാലിന് കളക്ടർ കത്ത് നൽകി. ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുഹാസ് മുന്നറിയിപ്പ് നൽകി.
അതേസമയം, കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ അംഗമായ സംവിധായകൻ ആഷിക്ക് അബുവും ഒടുവിൽ വിവാദത്തിന് മറുപടിയുമായി രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനല്ല സംഗീതനിശ നടത്തിയതെന്ന് ആഷിക് അബു ഫേസ്ബുക്കിൽ കുറിച്ചു.
പരിപാടിയുടെ ചെലവുകളെല്ലാം ഫൗണ്ടേഷനാണ് വഹിച്ചതെന്നും ഇതിന് സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ആഷിക്ക് അബു പറയുന്നത്. കലാകാരന്മാരുടെ അഭ്യർത്ഥന മാനിച്ച്, റീജിയണൽ സ്‌പോർട്‌സ് സെൻററാണ് സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത്. ഇതിൽ തട്ടിപ്പില്ല. ടിക്കറ്റിന് കിട്ടുന്ന വരുമാനം സംഭാവന ചെയ്യാൻ ഫൗണ്ടേഷൻ തീരുമാനിക്കുകയായിരുന്നുവെന്നും ആഷിക്ക് അബു പറയുന്നു.