തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ പുതിയ ഭക്ഷണ മെനുവിൽ നിന്നും ബീഫ് ഒഴിവാക്കി. സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളിൽ പുതിയ ബാച്ച് പരിശീലനം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബെറ്റാലിയൻ മേധാവികൾക്കടക്കം പുതിയ മെനു ഉൾപ്പെടുന്ന ഉത്തരവ് കൈമാറിയത്. പോലീസ് അക്കാദമിയിൽ നിന്നാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, ബീഫ് മെനുവിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായതോടെ മെനുവിൽ ഇല്ലെങ്കിലും ഭക്ഷണത്തിൽ ബീഫ് ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത് സർക്കാർ ആശുപത്രിയിലെ പോഷകാഹാര വിദഗ്ധനാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബീഫ് എന്തുകൊണ്ട് മെനുവിൽ ഉൾപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്തില്ലെന്ന കാര്യത്തിന് വ്യക്തമായ മറുപടി പോലീസ് നൽകിയിട്ടില്ല. കഴിഞ്ഞ തവണ പരിശീലനം പൂർത്തിയാക്കിയ പോലീസുകാരുടെ ഭക്ഷണ മെനുവിൽ ബീഫ് വിഭവങ്ങൾ ഉൾപ്പെട്ടിരുന്നു.