ആർഎസ്എസ് വിരുദ്ധതയല്ല, കോൺഗ്രസിന് പ്രധാന്യം കമ്മ്യൂണിസ്റ്റ് വിരുദ്ധത; കേരളത്തിൽ ആർഎസ്എസും ഇസ്ലാമിക മതമൗലിക വാദികളും ധ്രുവീകരണത്തിനു ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിനെതിരേയും ആർഎസ്എസിനും ഇസ്ലാമിക മതമൗലികവാദികൾക്കുമെതിരേയും രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൗരത്വ നിയമ ഭേദഗതിയുടെ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ് കോടിയേരിയുടെ പ്രതികരണം. ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയത്തേക്കാൾ കോൺഗ്രസിനെ നയിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണെന്ന് കോടിയേരി വിമർശിച്ചു.

പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള ഹിന്ദുത്വ അജണ്ടക്കെതിരേ വിശാല നിലപാടുണ്ടാക്കേണ്ടതുണ്ട്. എന്നാൽ അത്തരമൊരു നിലപാടല്ല കോൺഗ്രസിന്റേത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയത്തേക്കാൾ അവരിൽ സ്വീകാര്യമായി കാണുന്നത്. യുഡിഎഫിനകത്ത് വലിയൊരു വിഭാഗം മതനിരപേക്ഷവാദികളാണുള്ളത്. അത്തരം ജനങ്ങളെ ഉൾക്കൊള്ളാൻ വിധത്തിലുള്ള പരിപാടികൾ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപി സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക നയം തുറന്നു കാണിക്കാൻ സാധിക്കണം. അസമത്വം സൃഷ്ടിക്കുന്നതാണ് ബിജെപി നയം. സാമ്പത്തിക വളർച്ചാ നിരക്ക് തുടർച്ചയായി പുറകോട്ട് പോവുകയാണ്. എന്നാൽ കോർപറേറ്റുകൾക്ക് വൻതോതിൽ സഹായം ചെയ്തു കൊണ്ട് അവരെ ശക്തിപ്പെടുത്തുന്ന നയമാണ് ബിജെപി സർക്കാരിന്റേത്. തൊഴിവില്ലായ്മ അരനൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബഹുജന പ്രക്ഷോഭങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് വർഗ്ഗീയ പ്രശ്നങ്ങളിലേക്ക് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ഭാഗമായി ഹിന്ദുത്വ അജണ്ട ശക്തമായി മുന്നോട്ടുവെക്കുകയാണ്. ദേശീയ പൗരത്വ നിയമം അതിന്റെ ഭാഗമായി കൊണ്ടുവന്നതാണ്. അത് ആർഎസ്എസ് അജണ്ടയാണ്.

ആർഎസ്എസിന്റെ നേതൃത്വത്തിൽ ഹിന്ദുത്വ ധ്രുവീകരണം കേരളത്തിൽ നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് അത് നടക്കുന്നത്. ഈ സാഹചര്യം മുതലെടുത്തു കൊണ്ട് ഇസ്ലാമിക മതമൗലികവാദികൾ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഈ ശ്രമം ആർഎസ്എസ്സിന്റെ ശ്രമത്തിന് എരിതീയിൽ എണ്ണഒഴിക്കലാണ്. ആർഎസ്എസും എസ്ഡിപിഐയും വർഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചിന്തയാണ് എസ്ഡിപിഐയെ നയിക്കുന്നത്. ഇസ്ലാമിക രാഷ്ട്രത്തിനായി ജമാഅത്തെ ഇസ്ലാമി നിലകൊള്ളുമ്പോൾ മതത്തെ ഭീകരതക്കുള്ള ആയുധമാക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. ജയ്ശ്രീറാം വിളിപ്പിക്കാൻ ആർഎസ്എസും ബോലോ തക്ബീർ വിളിക്കാൻ മുസ്ലിം തീവ്രവാദികളും ശ്രമിക്കുന്നു.

കേന്ദ്ര ബജറ്റിലെ കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടിനും ജനവിരുദ്ധനിലപാടിനുമെതിരേ ഇടതുപക്ഷം വിപുലമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.

Exit mobile version