തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട്ടെ പഴായിൽ നടന്ന പിഞ്ചുകുഞ്ഞിന്റെ ക്രൂര കൊലപാതകത്തിലെ ഏക പ്രതിയായ ഷൈലജയ്ക്ക് കോടതി വധശിക്ഷ വിധിക്കുമോ എന്ന് ചൊവ്വാഴ്ച അറിയാം. പുതുക്കാട് പാഴായിയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾക്കിടെയാണ് മേബയെന്ന നാലുവയസുകാരി കുഞ്ഞിനെ ബന്ധുവായ ഷൈലജ എടുത്തുകൊണ്ടുപോയി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത് 2016 ഒക്ടോബർ 13നായിരുന്നു. വീട്ടിൽ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബയെ കാണാതാവുകയായിരുന്നു. കുഞ്ഞിനെ തേടി വീട്ടുകാർ ആശങ്കയോടെ ഓടി നടന്നു. എല്ലാവരും കുഞ്ഞിനെ അവസാനം കണ്ടത് ഷൈലജയോടൊപ്പമായിരുന്നു.
ഇതോടെ ഷൈലജയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വിശദീകരണം. ബംഗാളികളെ അന്വേഷിച്ച് വീട്ടുകാരും നാച്ചുകാരും നാടു മുഴുവൻ പരക്കം പായുമ്പോൾ കുഞ്ഞ് പുഴയിൽ മുങ്ങിത്താഴുകയായിരുന്നു. ഒടുവിൽ മൃതദേഹം പുഴയിൽ പൊന്തുകയായിരുന്നു.
എന്നാൽ ഷൈലജയുടെ ബംഗാളികൾ തട്ടിക്കൊണ്ടുപോയെന്ന വിവരണത്തിൽ സംഷയം തോന്നിയ പോലീസ് അവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകം പുറംലോകമറിഞ്ഞത്.
മുമ്പ് കുഞ്ഞു മേബയുടെ അരഞ്ഞാണം മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടിൽ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. മോഷ്ടിച്ചത് ഷൈലജയാണെന്നു കുടുംബാംഗങ്ങൾ സംശയിക്കുകയും കുടുംബവീട്ടിൽ കയറരുതെന്ന് ഷൈലജയെ വിലക്കുകയും ചെയ്തു. ഇത് ഷൈലജയുടെ മനസിൽ പകയായി വളർന്നു. ഇതിനിടെ അനാശാസ്യത്തിന്റെ പേരിൽ ഷൈലജയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടിൽ നിൽക്കാൻ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടിൽ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഈ പകയും കൊലപാതകത്തിനു പ്രേരണയായി.
ഇക്കാലത്താണ് ബന്ധു മരിച്ചതിന്റെ പേരിൽ ഒരിക്കൽ കൂടി വീട്ടിലേക്കു പ്രവേശിക്കാനായത്. മേബയുടെ മാതാപിതാക്കളെ കണ്ടപ്പോൾ പക ഉണർന്ന ഷൈലജ കുഞ്ഞിനെ കൊലപ്പെടുത്തി പ്രതികാരം തീർക്കാൻ തീരുമാനിച്ചുറയ്ക്കുകയായിരുന്നു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. വീടിനു പിന്നിൽ പുഴയാണ്. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, മോബയുടെ അമ്മ നീഷ്മ ഷൈലജയുടെ അടുത്തേയ്‌ക്കെത്തി. കുഞ്ഞിനെ തിരക്കി. ഇതോടെയാണ് ബംഗാളികൾ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്ന കള്ളം പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും പരക്കംപാഞ്ഞു.
പോലീസിനോട് കുറ്റം സമ്മതിച്ചെങ്കിലും കോടതിയിൽ ഷൈലജ കുറ്റം പലതവണ നിഷേധിച്ചിരുന്നു. എന്നാൽ ഷൈലജയ്ക്ക് എതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ ഉപയോഗിച്ചത് ലാസ്റ്റ് സീൻ തിയറിയായിരുന്നു. മേബയെ പുഴയിൽ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് വഴിത്തിരിവായത്. നിയമപരമായി കുറ്റം തെളിയിക്കാൻ ‘ലാസ്റ്റ് സീൻ തിയറി’ പ്രോസിക്യൂഷനെ സഹായിക്കുകയപും ചെയ്തു. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്.
മേബയുടെ അച്ഛനും അമ്മയും ഓസ്‌ട്രേലിയയിൽ ജോലിക്കാരാണ്. കേസിൽ മൊഴി നൽകാനായി ഇരുവർക്കും നാട്ടിൽ വരാൻ അവധി കിട്ടിയില്ല. ഇതോടെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ എംബസി ഓഫീസിലിരുന്നാണ് രഞ്ജിത് വീഡിയോ കോൺഫറൻസിങ് വഴി തൃശ്ശൂരിലെ ജഡ്ജിക്കു മൊഴിനൽകിയത്.
അതേസമയം, കേസിൽ വിധി പറയാനിരിക്കെ കൊലക്കുറ്റം തെളിഞ്ഞാൽ ഷൈലജയ്ക്ക് ഒന്നുകിൽ ജീവപര്യന്തം. അല്ലെങ്കിൽ വധശിക്ഷ ഉറപ്പാണ്. അഡ്വ. കെഡി ബാബുവായിരുന്നു കേസിൽ പ്രോസിക്യൂട്ടർ. പുതുക്കാട് ഇൻസ്‌പെക്ടർ എസ്പി സുധീരനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
Discussion about this post