ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കുഞ്ഞിന് ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് തീരുമാനം എടുക്കും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.
കഴിഞ്ഞ ദിവസമാണ് രണ്ടാനച്ഛനായ വൈശാഖിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മൂന്നുവയസ്സുകാരന് പരിക്കേറ്റത്. മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റിരുന്നു, നീരു വന്ന് വീങ്ങിയ നിലയിലാണ് ജനനേന്ദ്രിയം. അടിവയറ്റിലും നീര് വന്ന് വീങ്ങിയിട്ടുണ്ട്. വൈശാഖിന്റെ ആദ്യ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണ് മര്‍ദനത്തിനിരയായത്. കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായ വിവരമറിഞ്ഞ് നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു. ഇവരാണ് മര്‍ദ്ദന വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി.
കുട്ടിയുടെ അമ്മയേയും രണ്ടാനച്ഛനെയും ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവര്‍ക്കും എതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. രണ്ടാനച്ഛന്‍ വൈശാഖിനും കുട്ടിയുടെ അമ്മ മോനിഷയ്ക്കും എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. എന്തിനാണ് കുട്ടിയെ രണ്ടാനച്ഛന് ക്രൂരമായി മര്ദ്ദിക്കുന്നതെന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ ഉത്തരമില്ല. അടിക്കല്ലേ എന്ന തന്റെ അപേക്ഷ വകവയ്ക്കാതെയായിരുന്നു മര്ദ്ദനമെന്നാണ് അമ്മ പറഞ്ഞത്.
Discussion about this post