കൊച്ചി: പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ ഇളയ മകന്‍ ‘കുഞ്ഞ്’ ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്ക്കുന്നതു കാണാന്‍ പയ്യന്നൂരിലെ കോറോത്തുനിന്ന് നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ബുധനാഴ്ച എറണാകുളത്തെത്തി. 96 വയസ്സിന്റെ വയ്യായ്കയും ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും ഒന്നും വകവെയ്ക്കാതെ സ്മാര്‍ട്ടായി ഒരുങ്ങിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മകന്റെ സത്യപ്രതിജ്ഞ കാണാന്‍ പുറപ്പെട്ടത്.
അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മകന്റെ വാക്കുകള്‍ കേട്ട് സദസ്സിലെ മുന്നിരയില്‍ പ്രാര്‍ഥനയോടെ കണ്ണടച്ചിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.
ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതില്‍ ബിരുദമെടുക്കാന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന കുഞ്ഞികൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനുമായ പി വി കെ നമ്പൂതിരിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പാത പിന്തുടരുകയായിരുന്നു.
അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേര്‍ന്നത്. പഠന ശേഷം പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോള്‍ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് നിര്‍ദേശിച്ചതും മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നും നിര്‍ദേശിച്ചത് അച്ഛനാണെന്നും അച്ഛനോടുള്ള സ്‌നേഹംകാരണം ആ നിര്‍ദേശങ്ങളെല്ലാം പാലിച്ചുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
അച്ഛനാണ് തന്നെ എന്നും മുന്നോട്ടു നയിച്ചതെന്നും ഈ ചടങ്ങില്‍ അച്ഛന്‍ എത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞാവേദിയില്‍ പറഞ്ഞു.’ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചത്.