തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിഎജിയുടെ കണ്ടെത്തലുകളില്‍ അന്വേഷണം വേണം. സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷയത്തില്‍ എന്‍ഐഎ, സിബിഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്തു നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
കേരളാ പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ലെന്ന് ചെന്നിത്തല ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ബെഹ്‌റയെ ഉടന്‍ തന്നെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആയുധങ്ങള്‍ നഷ്ടപ്പെട്ടെന്ന കണ്ടെത്തല്‍ അതീവ ഗുരുതരമാണ്. മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള സുരക്ഷാപ്രശ്‌നമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
കേരളാ പോലീസിന്റെ ആയുധശേഖരത്തില്‍ വന്‍ കുറവ് വന്നതായാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. 12,061 വെടിയുണ്ടകളുടെ കുറവാണ് വന്നിരിക്കുന്നത്. ഇവയ്ക്ക് പകരം വ്യാജ വെടിയുണ്ടകളാണ് ആയുധശേഖരത്തില്‍ സൂക്ഷിച്ചിരുന്നത്. സംഭവം മറച്ചുവെക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തി. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര കണ്ടെത്തലുകളുമുണ്ട്. ഇതേ തുടര്‍ന്നാണ് ഡിജിപി സ്ഥാനത്ത് നിന്ന് ബെഹ്‌റയെ പുറത്താക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്.
Discussion about this post