കണ്ണൂര്‍: മൂന്നരപ്പതിറ്റാണ്ട് നീണ്ട അധ്യാപകജീവിതത്തില്‍നിന്നും രാജന് മാഷ് പടിയിറങ്ങുമ്പോള്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അധ്യാപകന് തുണയായത്. നിര്‍ധനരായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി വീട് വെയ്ക്കാന്‍ സ്ഥലം നല്‍കിയാണ് അധ്യാപക ജീവിതത്തില്‍ നിന്നും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും പുഴാതി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനുമായ രാജന് വിടപറയുന്നത്.
അധ്യാപകജീവിതത്തിലെ നേരനുഭവങ്ങളാണ് നാല് സ്കൂളുകളിലെ ഓരോ വിദ്യാര്‍ത്ഥിയെ കണ്ടെത്തി ഭൂമി നല്കാന് മയ്യില്‍ കയരളം ഒറപ്പടിയിലെ ‘സബര്‍മതി’യില്‍ കെസി രാജനെ പ്രേരിപ്പിച്ചത്. എട്ടാംതരത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ നീണ്ട അവധി ശ്രദ്ധയില്‍പ്പെട്ടതാണ് അധ്യാപകനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.
കാര്യമന്വേഷിച്ചപ്പോള്‍ അടച്ചുറപ്പുള്ള വീടുപോലും ആ കുട്ടിക്കില്ലെന്ന് മനസ്സിലായെന്നും ക്ലാസില്‍ യൂണിഫോമിട്ട് ചിരിച്ചുനില്ക്കുന്ന പല വിദ്യാര്‍ഥികളുടെയും ഉള്ളില്‍ കരയുന്ന മനസ്സും ദുരിതംനിറഞ്ഞ ജീവിതവുമുണ്ടാകാം, അത് കണ്ടെത്തുകയാണ് ഒരധ്യാപകന്റെ കര്‍മം, അതിനെനിക്ക് കഴിഞ്ഞുവെന്ന് തോന്നുന്നുവെന്നും അവര്‍ക്ക് ചുമരിന്റെയും ചുമലിന്റെയും സുരക്ഷിതത്വം നല്‍കാനാണ് ശ്രമിച്ചതെന്നും രാജന് മാഷ് പറയുന്നു.
പുഴാതി ഹൈസ്കൂള്‍, മുല്ലക്കൊടി മാപ്പിള എല്‍പിസ്കൂള്‍, കയരളം എയുപിസ്കൂള്‍, പെരുവങ്ങൂര്‍ എല്‍പിസ്കൂള്‍ എന്നിവിടങ്ങളിലെ ഓരോ വിദ്യാര്‍ത്ഥിക്കാണ് ഭൂമിനല്കുന്നത്. മുല്ലക്കൊടി ഹരിജന്‍ കോളനിക്ക് സമീപമുള്ള 23 സെന്റ് സ്ഥലമാണ് ഇതിനായി അധ്യാപകന് നീക്കിവെച്ചത്.
രാജന്റെ സത്പ്രവൃത്തിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്ഥലം ലഭിക്കുന്ന കുട്ടികള്‍ക്ക് വീടെടുക്കാന്‍ സഹായം നല്കാന് ബന്ധുക്കളും സുഹൃത്തുക്കളും കെപിഎസ്ടിഎയും മുന്നോട്ടുവന്നു. നാലുപേര്‍ക്കും ഓരോലക്ഷം രൂപ ആദ്യഘട്ടമായി നല്‍കും.
ഇതില്‍ രണ്ടുലക്ഷം രൂപ കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയും ബാക്കി തുക രാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നും നല്‍കും. 24-ന് ഉച്ചയ്ക്ക് രണ്ടിന് ഒറപ്പടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭൂമിയുടെ രേഖ കൈമാറും. വീടുനിര്‍മാണത്തിനുള്ള പ്രാഥമികസഹായധനം കൈമാറല്‍ കെ.സുധാകരന് എംപി നിര്‍വഹിക്കും.
Discussion about this post