പഴയന്നൂർ: കളിക്കളത്തിൽ നിന്നും മോഷണം പോയ ഫുട്‌ബോൾ തേടി അഞ്ചാം ക്ലാസുകാരൻ നിയമവഴിയേ സഞ്ചരിച്ചപ്പോൾ ചെന്നെത്തിയത് വിജയത്തിൽ തന്നെ. അഞ്ചാം ക്ലാസുകാരൻ അതുലിന് തുണയായത് പഴയന്നൂർ പോലീസാണ്. കാണാതെ പോയ ഫുട്‌ബോൾ പോലീസ് തന്നെ അതുലിന് കണ്ടെത്തി നൽകുകയായിരുന്നു. ചീരക്കുഴി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ അഞ്ചാംക്ലാസുകാരൻ അതുലാണ് ഫുട്‌ബോൾ മോഷണം പോയെന്ന പരാതിയുമായി പഴയന്നൂർ പോലീസിനെ വിളിച്ചത്. വീടിനടുത്തുള്ള മൈതാനത്ത് കളിക്കാൻ വന്ന മുതിർന്ന കുട്ടികളാണ് അതുലിന്റെ പന്ത് എടുത്തുകൊണ്ടുപോയത്. വീട്ടുകാരോട് കാര്യം കരഞ്ഞുപറഞ്ഞിട്ടും ഫലമില്ലാതായതോടെ അതുൽ പോലീസിന്റെ സഹായം തേടിയത്.
ഈ മാസം ഒന്നാംതീയതി വീട്ടിലെല്ലാവരും പുറത്തുപോയപ്പോഴാണ് അതുലിന്റെ വീട്ടുമുറ്റത്തുനിന്ന് ഫുട്‌ബോൾ നഷ്ടപ്പെട്ടത്. ഇതോടെയാണ് കഴിഞ്ഞ ബുധനാഴ്ച കുട്ടി പോലീസിനെ വിളിച്ചത്. ഗൂഗിളിലൂടെ പഴയന്നൂർ പോലീസിന്റെ നമ്പർ കണ്ടെത്തിയാണ് അമ്മയുടെ മൊബൈലിൽ നിന്ന് അതുൽ ഫോൺ ചെയ്തത്. ഫുട്ബോൾ നഷ്ടപ്പെട്ട വിവരം അറിയിക്കാനാണ് വിളിച്ചതെന്നും അറിയാതെ മകൻ ചെയ്തതാണെന്നും അമ്മ പോലീസിനെ അറിയിച്ചു. പരാതി അറിയിച്ച അതുൽ ഇടയ്ക്ക് സ്റ്റേഷനിൽ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.
ഇതോടെ, എസ്‌ഐ ജയപ്രദീപ് പുതിയ ഫുട്ബോൾ വാങ്ങിനൽകാമെന്നു അറിയിക്കുകയായിരുന്നു. എന്നാൽ, തനിക്ക് തന്റെ പഴയ ഫുട്ബോൾ മതിയെന്ന് അതുൽ ഇടറിയ ശബ്ദത്തിൽ പറഞ്ഞതോടെ കണ്ടെത്തിനൽകാമെന്ന് പോലീസ് ഉറപ്പ് നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫുട്ബോൾ സമീപത്തുള്ള സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികളാണ് എടുത്തതെന്നു മനസ്സിലായി. ഇവരെക്കൊണ്ടുതന്നെ പന്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു. വിദ്യാർത്ഥികളായതിനാൽ, കേസൊന്നും എടുക്കാതെ അവരുടെ അധ്യാപകരുടെ സാന്നിധ്യത്തിൽ തന്നെ കേസ് പരിഹരിച്ചു. തുടർന്ന് അതുലിനെയും അമ്മയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പന്ത് കൈമാറി. എഎസ്‌ഐ പ്രദീപ്കുമാർ, ബിസ്മിത, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പന്ത് അതുലിന് കൈമാറി.
സ്റ്റേഷനിലെത്തുന്ന എല്ലാ പരാതികളിലും ശരിയായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് എസ്എച്ച്ഒ എം മഹേന്ദ്രസിംഹൻ പറഞ്ഞു. കോടത്തൂർ കോന്നംപ്ലാക്കൽ സുധീഷിന്റെയും പ്രിയയുടെയും മകനാണ് അതുൽ. സഹോദരി: ആത്മജ.
Discussion about this post