ആലപ്പുഴ: ഉന്നത പഠനത്തിന് ചേർന്ന മക്കൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതോടെ ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി ആലപ്പുഴയിലെ മത്സ്യതൊഴിലാളി കുടുംബങ്ങൾ. ആലപ്പുഴ ആറാട്ടുപുഴയിലെ പൊതുമേഖലാ ബാങ്കായ കോർപ്പറേഷൻ ബാങ്കിന് മുന്നിലാണ് പ്രതിഷേധസമരം. വിദ്യാർത്ഥികളിൽ നിന്നും വായ്പയ്ക്കുള്ള അപേക്ഷ വാങ്ങിയ ശേഷമാണ് തൊഴിൽ സാധ്യത കുറവാണെന്ന കാരണം പറഞ്ഞ് ഈ ബാങ്ക് ലോൺ നിഷേധിച്ചത്.
ആറാട്ടുപുഴ സ്വദേശിനിയും മത്സ്യത്തൊഴിലാളിയുമായ സീനയുടെ മകൾ ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളേജിൽ പഠനത്തിന് ചേർന്നിട്ട് ആറ് മാസം കഴിഞ്ഞു. ഫീസ് അടയ്ക്കാൻ നിവൃത്തിയില്ലാതെ ഇപ്പോൾ നട്ടം തിരിയുകയാണ് ഈ കുടുംബം. വിദ്യാഭ്യാസ വായ്പ നൽകാമെന്ന ബാങ്ക് മാനേജറുടെ വാക്ക് വിശ്വസിച്ചാണ് പലരിൽ നിന്നായി കടംവാങ്ങി മകളെ സീന പഠനത്തിന് അയച്ചത്. എന്നാൽ നഴ്സിങിന് തൊഴിൽസാധ്യത കുറവായതിനാൽ വായ്പ അനുവദിക്കാനാകില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം കോർപ്പറേഷൻ ബാങ്ക് ഇവർക്ക് കത്തയയ്ക്കുകയായിരുന്നു.
ആറാട്ടുപുഴയിൽ തന്നെയുള്ള വിനോദിന്റെയും വീണയുടെയും മകൾക്കും ഇതേ കാരണം പറഞ്ഞ് വായ്പ നിഷേധിച്ചു. ഇവരുടെ മകളും ബംഗളൂരുവിൽ പഠിക്കുകയാണ്. ഇതോടെയാണ് പ്രതിഷേധവുമായി ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചത്. സമരം തുടങ്ങിയ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക്, പിന്തുണയുമായി ജനപ്രതിനിധികളുമെത്തി. ഇതോടെ, വായ്പ നൽകുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് മാനേജർ പറയുന്നത്. തിരിച്ചടവ് മുടങ്ങുന്നത് കൊണ്ടാണ് വിദ്യാഭ്യാസ വായ്പകളിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചതെന്നാണ് ബാങ്കിന്റെ വിശദീകരണം.
Discussion about this post