ആലിപ്പറമ്പ്: തീപിടിച്ച വൈക്കോല്‍ ലോറി അതിസാഹസികമായി പുഴയിലേയ്ക്ക് ഇറക്കി വന്‍ ദുരന്തം ഒഴിവാക്കിയ യുവാവാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്. പാറല്‍ കരിക്കിന്‍ പുറത്ത് അബ്ദുള്‍ ലത്തീഫ് (37) ആണ് വന്‍ ദുരന്തം ഒഴിഞ്ഞുമാറാന്‍ കാരണക്കാരനായത്. പെരിന്തല്‍മണ്ണ-ചെര്‍പ്പുളശ്ശേരി പാതയില്‍ തൂത പാറലില്‍നിന്ന് മണലായയിലേക്കുള്ള വഴിയിലെ പാറല്‍ ജുമാമസ്ജിദിനു സമീപത്താണ് വൈക്കോല്‍ ലോറിക്ക് തീപിടിച്ചത്.
സമീപവാസികള്‍ വെള്ളമൊഴിച്ചും തീപിടിച്ച വൈക്കോല്‍ വലിച്ചിട്ടും തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ മുഹമ്മദാലി (50) ലോറി സമീപത്തെ തൂതപ്പുഴയിലേക്ക് ഇറക്കാന്‍ ശ്രമിച്ചു. എന്നാല്‍ പുഴയുടെ നൂറുമീറ്ററോളം അടുത്തുവരെ എത്തിയപ്പോഴേക്കും അകത്ത് പുകനിറഞ്ഞ് ശ്വാസംതടസ്സം നേരിട്ടതിനാല്‍ വണ്ടി നിര്‍ത്തി. കണ്ടുനിന്ന അബ്ദുല്‍ലത്തീഫ്, തീയാളുന്ന വണ്ടിയില്‍ ചാടിക്കയറി തൂതപ്പുഴയിലെ പെരുവക്കടവിലെ വെള്ളത്തിലേക്ക് വണ്ടി ഇറക്കിനിര്‍ത്തുകയായിരുന്നു.
ഒടുവില്‍ വെള്ളത്തിലേക്ക് ചാടിയാണ് അബ്ദുല്‍ലത്തീഫ് രക്ഷപ്പെട്ടത്. വൈക്കോലിന്റെ പകുതിയോളം വെള്ളത്തില്‍ മൂടി. ശേഷിച്ച ഭാഗത്ത് രക്ഷാപ്രവര്‍ത്തകര്‍ പുഴയിലെ വെള്ളമൊഴിച്ച് തീയണയ്ക്കുകയും ചെയ്തു. ചെര്‍പ്പുളശ്ശേരി ചളവറയില്‍നിന്ന് മണലായയിലെ ചേനക്കൃഷിക്ക് പുതയിടാന്‍ കൊണ്ടുവരികയായിരുന്നു വൈക്കോല്‍. വൈദ്യുതിലൈനില്‍ തട്ടിയാകാം തീപിടിക്കാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post