തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായ 100 കോടി രൂപയിൽ 30 കോടി മാത്രമാണ് ലഭിച്ചതെന്ന് ആക്ഷേപം. 70 കോടി രൂപയാണ് ഇനിയും സർക്കാർ നൽകാനുള്ളത്.
ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന്റെ ആദ്യ ഗഡു 30 കോടി രൂപ ഒക്ടോബറിൽ ദേവസ്വം ബോർഡിന് ലഭിച്ചിരുന്നു. അതേസമയം, തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചെന്നും സംസ്ഥാന സർക്കാരിനാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ പ്രതിസന്ധി തീർന്നെന്നും ഇനി ബാക്കി തുക നൽകേണ്ടതില്ലെന്നുമാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.
ദേവസ്വം കവനന്റ് പ്രകാരം നൽകേണ്ട 80 ലക്ഷം രൂപയും ഈ വർഷം സർക്കാർ നൽകിയിട്ടില്ല. കവനന്റ് പ്രകാരമുള്ള തുക മുടങ്ങുന്നത് ഇതാദ്യമായിട്ടാണ്. 40 ലക്ഷം രൂപ അനുവദിച്ചതായി പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് ദേവസ്വം ബോർഡിലേക്കെത്തിയിട്ടില്ല. ബോർഡ് രൂപീകരിച്ചത് മുതൽ എല്ലാ വർഷവും നൽകി വരുന്നതാണ് കവനന്റ് തുക.
ശബരിമലയിൽ സ്ത്രീപ്രവേശന വിധിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചത്.
Discussion about this post