തിരുവനന്തപുരം: ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ കെട്ടുകെട്ടിച്ച് ഭരണത്തിലേറുമെന്ന് വീമ്പ് പറഞ്ഞ് തകർന്നടിഞ്ഞ ബിജെപിയെ ട്രോളുകയാണ് സോഷ്യൽമീഡിയ. ഇതിനിടെ, ഡൽഹിയിൽ ബിജെപിയെ തോൽപിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐയ്യേും ട്രോളാൻ സോഷ്യൽമീഡിയ മടിക്കുന്നില്ല. ഡൽഹിയിൽ സിപിഎമ്മിന്റെ ദയനീയ പ്രകടനം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽമീഡിയ വിമർശനം മുഴുവനും. ബിജെപി തോൽക്കട്ടെ, ഇന്ത്യ ജയിക്കട്ടെ. ഡൽഹി വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു ഡിവൈ എഫ്ഐയുടെ പോസ്റ്റ്. ആയിരക്കണക്കിന് കമന്റുകളാണ് ഇതിന് താഴം വന്നിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനമാണ്. സിപിഐയുടേത് 0.02 ശതമാനവും. നോട്ടയ്ക്ക് 0.46 ശതമാനം വോട്ടുകൾ ലഭിച്ചു. ആറ് മണ്ഡലങ്ങളിൽനിന്നായി ഇരുപാർട്ടികൾക്കും കൂടി ലഭിച്ചത് ആകെ 3,190 വോട്ടുകളാണ്. എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി. ഈ വസ്തുതകൾ ചൂണ്ടിക്കാണിച്ചാണ് ഇടതുപാർട്ടികൾക്ക് ബിജെപിയെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന വിമർശനം ഉയരുന്നത്.
‘വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ’ എന്ന കമന്റുമായി ബിജെപി നേതാവ് സന്ദീപ് വാര്യരും കമന്റുമായി എത്തിയിട്ടുണ്ട്.
അതേസമയം, ബിജെപിയ്ക്കുണ്ടായ പരാജയം മറയ്ക്കാനായി സിപിഎമ്മിന്റെ വോട്ട് വിഹിതം ചൂണ്ടിക്കാണിക്കേണ്ടെന്നാണ് മറുപടി കമന്റുകൾ പറയുന്നത്. സിപിഎമ്മിന് പരമ്പരാഗതമായി സ്വാധീനമില്ലാത്ത ഡൽഹി പോലൊരു സ്ഥലത്തെ വോട്ട് ചൂണ്ടിക്കാട്ടി മുമ്പ് ഭരിച്ചിരുന്ന ബിജെപിയുടെ പരാജയം മൂടിവെയ്ക്കുന്നത് പരിഹാസ്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
Discussion about this post