തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ മൂന്നുപേര്‍ നിരീക്ഷണ കാലാവധി തീരും മുന്‍പേ ചൈനയിലേയ്ക്ക് കടന്നു. ആരോഗ്യവകുപ്പിനെ അറിയിക്കാതെയാണ് മൂന്നു പേര് ചൈനയിലേയ്ക്ക് കടന്നത്. ചൈനയില്‍ ബിസിനസ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടുനിന്നുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍ നിന്നുള്ളയാളുമാണ് ചൈനയിലേയ്ക്ക് തിങ്കളാഴ്ച പോയത്.
ദമ്പതിമാര്‍ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളംവഴിയും മറ്റേയാള്‍ സിങ്കപ്പൂര്‍വഴിയുമാണ് കടന്നതെന്നാണ് വിവരം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണില്‍ വിളിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോടു സംസാരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നറിയിച്ചു.
തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ മൊബൈല്‍ നമ്പറുകള്‍ സ്വിച്ച്ഓഫ് ആയിരുന്നു. ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് ചൈനയിലേയ്ക്ക് പോയ വിവരം അറിഞ്ഞത്. ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിലേക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലേക്കു കടന്നവരുടെപേരില്‍ എന്തുനടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും.
Discussion about this post