തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെ അഴിമതി ആരോപണവുമായി പിടി തോമസ്. നിയമസഭയിലാണ് പിടി തോമസ് എംഎൽഎയുടെ ആരോപണം. പോലീസ് സേനയുടെ നവീകരണത്തിനായി അനുവദിക്കുന്ന പണം എവിടെപ്പോകുന്നുവെന്നു സർക്കാർ അന്വേഷിക്കണമെന്നും മാവോയിസ്റ്റ് മേഖലയിൽ തണ്ടർബോൾട്‌സ് അടക്കമുള്ള സേനാംഗങ്ങൾക്കു ക്വാർട്ടേഴ്‌സ് പണിയാൻ നൽകിയ തുക ഡിജിപി വകമാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് വഴുതക്കാട്ടെ പൊലീസ് ക്വാർട്ടേഴ്‌സ് വളപ്പിൽ നിന്നു പോലീസുകാരെ കുടിയിറക്കിയ ശേഷം ഉന്നത ഉദ്യോഗസ്ഥർക്കായി വില്ലകൾ പണിയുകയാണ്. പോലീസ് കൺസ്ട്രക്ഷൻ കോർപറേഷനെ നോക്കുകുത്തിയാക്കിയാണു നിർമ്മാണം. പോലീസ് നവീകരണത്തിന്റെ പേരിൽ സംസ്ഥാനത്തു നടക്കുന്ന നിർമാണങ്ങളും വാങ്ങലുകളും അന്വേഷിക്കണം.
പോലീസിൽ വ്യാപക അഴിമതി അരങ്ങേറുകയാണ്. തിരുവനന്തപുരത്തെ സിബിസിഐഡി ആസ്ഥാനം, സ്‌പെഷൽ ബ്രാഞ്ചിന്റെ റൂറൽ വിഭാഗം, വികാസ്ഭവനിലെ പൊലീസ് ക്വാർട്ടേഴ്‌സ്, ഇവിടുത്തെ നിർമ്മാണങ്ങളിലെല്ലാം കുഴപ്പമാണ്.
ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാനത്തിന്റെ ചുമതലയേറ്റ ശേഷം പോലീസിനു വേണ്ടി കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, വാഹനങ്ങൾ എന്നിവ വാങ്ങിയതിലും കെട്ടിട നിർമ്മാണത്തിലും അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്റ്റോർ പർച്ചേസ് മാനുവൽ കാറ്റിൽപ്പറത്തിയാണ് ഈ ഇടപാടുകളെല്ലാം.
കരാർ ഉറപ്പിക്കുന്നതിനു മുൻപു തന്നെ സാധനങ്ങൾ വരികയാണ്. ഇത് സംബന്ധിച്ച് സിബിഐ സമഗ്രമായ അന്വേഷണം നടത്തണം. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി കെമിക്കൽ എക്‌സാമിനേഷൻ ലാബിൽ വഴിവിട്ടു നിയമനം നടത്തുന്നുണ്ട്. പോലീസുകാർ പ്രതികളായ കേസുകൾ അട്ടിമറിക്കാനാണിതെന്നും തോമസ് ആരോപിച്ചു.