പാലക്കാട്: കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ ഒമ്പതു വയസ്സുകാരി കാല് തെന്നി കിണറ്റില്‍ വീണു. കുട്ടിയെ രക്ഷിക്കാനായി പിതാവും കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ രക്ഷപ്പെടുത്തെങ്കിലും കരയ്ക്ക് കയറാനാവാതെ ഇരുവരും കിണറ്റില്‍ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.
ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. പാലക്കാട് അട്ടപ്പള്ള മരിയം വില്ലേജ് റോഡില്‍ ഹരീഷും മകള്‍ ദിയയുമാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും വെള്ളം കോരവെ ബക്കറ്റ് പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കാല്‍തെന്നി തലകീഴായി കിണറ്റിലേക്ക് വീണത്. 25 അടി താഴ്ചയുള്ള കിണറ്റില്‍ 15 അടിയിലേറെ വെള്ളമുണ്ടായിരുന്നു.
സംഭവം അറിഞ്ഞതോടെ ഹരീഷും കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ കൈയ്യിലെടുത്തെങ്കിലും പുറത്തെത്തിക്കാനാവാതെ വന്നതോടെ 10 മിനുട്ടിലേറെ കിണറ്റില്‍ കുടുങ്ങി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കിണറ്റില്‍ ഇറങ്ങിയാണ് ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
Discussion about this post