കോട്ടയ്ക്കല്‍: പണയ പണ്ടം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് ലഭിച്ച സന്തോഷത്തിലാണ് കോട്ടയ്ക്കലിലുള്ള കുടുംബം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണയം വെച്ച സ്വര്‍ണ്ണത്തിന്റെ പലിശയും മുതലും തിരിച്ചടച്ചിരുന്നു. പക്ഷേ പണയപണ്ടം കൈയ്യില്‍ ലഭിക്കും മുന്‍പ് ഉടമ മരിക്കുകയായിരുന്നു. ശേഷം ബാങ്കില്‍ സ്വര്‍ണ്ണം നാളുകളോളം അനാഥമായി കിടക്കുകയായിരുന്നു.
സ്വര്‍ണ്ണം എവിടെയാണ് പണയം വെച്ചതെന്ന് വീട്ടുകാര്‍ക്ക് അറിവില്ലാത്തതിനാലാണ് വര്‍ഷങ്ങളോളം പണയം ബാങ്കില്‍ കിടന്നത്. നാളുകള്‍ക്കിപ്പുറം സ്വര്‍ണ്ണം ഉടമസ്ഥര്‍ക്ക് തിരികെ ലഭിക്കാനിടയായത് പുതുതായി എത്തിയ ബാങ്ക് മാനേജരുടെ ഇടപെടലിനെ തുടര്‍ന്നാണ്. 2003-ല്‍ അന്നത്തെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടരിക്കോട് ശാഖയില്‍ പോക്കാട്ട് ഉമ്മറാണ് ആറുപവന്‍ സ്വര്‍ണം പണയം വെച്ചത്.
പണയസംഖ്യയും പലിശയും തിരിച്ചടച്ചെങ്കിലും സ്വര്‍ണം തിരിച്ചെടുക്കുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇതിനിടയില്‍ ആറിലധികം പേര് ബാങ്ക് മാനേജര്‍മാരായി ചാര്‍ജെടുത്തു. ഇതിനിടെ ബാങ്കിന്റെ പേര് മാറ്റി കേരള ഗ്രാമീണ്‍ ബാങ്ക് എന്നാക്കി. 2017ല്‍ ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ സ്വദേശി നൊണ്ടത്ത് അലവിക്കുട്ടി ബാങ്കിന്റെ മാനേജറായി ചുമതലയേറ്റു. ഇതോടെയാണ് അനാഥമായ സ്വര്‍ണ്ണത്തിന് നാഥനായത്. അലവിക്കുട്ടി പഴയ ഫയലുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഉമ്മറിന്റെ പേര് ശ്രദ്ധിച്ചത്. ഇതോടെ അദ്ദേഹത്തിന് പരിചയമുള്ള ഇതേ വീട്ടുപേരുള്ള മജീദ് പോക്കാട്ടിനെ ബന്ധപ്പെട്ടു.
മജീദെത്തി ആളെ തിരിച്ചറിഞ്ഞു. ഇതോടെ പതിനഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണം തിരികെ ലഭിച്ചു. പിന്നീട് ബാങ്ക് മാനേജരുടെ നിര്‍ദേശപ്രകാരം എടരിക്കോട് വില്ലേജ് ഓഫീസറുടെ മുമ്പാകെ മരിച്ച ഉമ്മറിന്റെ മക്കളെ നേരിട്ട് ഹാജരാക്കി അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി. വെള്ളിയാഴ്ച നഷ്ടപ്പെട്ടുപോയെന്ന് കരുതിയ സ്വര്‍ണാഭരണം ബാങ്ക് മാനേജര്‍ ഉടമകളെ തിരിച്ചേല്‍പ്പിച്ചു.
Discussion about this post