കോഴിക്കോട്: വയനാട്ടിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിനെ അപമാനിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. അധ്യാപകർ സ്‌കൂളുകളിൽ മാളം തപ്പി നടക്കുകയാണെന്നാണ് കെപിഎ മജീദിന്റെ പരിഹാസം. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനനത്തെ മുഴുവൻ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അധ്യാപകർ. വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം ഉണ്ടാവുന്നില്ല,’ കെപിഎ മജീദ് പറഞ്ഞു.
മാനേജ്‌മെന്റുകളെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്. മാനേജ്‌മെന്റുകളെയും അധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാൻ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടൽ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്‌മെന്റുകൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കെപിഎ മജീദ് പറഞ്ഞു.
അതേസമയം, വയനാട്ടിലെ മാനന്തവാടിയിൽ അഞ്ചാം ക്ലാസുകാരി ഷെഹ്ല ഷെറിൻ ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഒന്നും മൂന്നും പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി അധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെകെ മോഹനുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇരുവരും സസ്‌പെൻഷനിലാണ്.