സംസ്ഥാനത്ത് മരിച്ചവരും റേഷന്‍ വിഹിതം കൈപ്പറ്റുന്നു; സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി

തൃശ്ശൂര്‍: മരിച്ചവരുടെ പേരില്‍ റേഷന്‍ വെട്ടിച്ച് കരിഞ്ചന്തയിലേക്കു കടത്തിയ റേഷന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ ഓരോ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മരിച്ചുപോയ റേഷന്‍ കാര്‍ഡ് ഉടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ചതിനാണ് നടപടിയെടുത്തത്.

ചാലക്കുടിയില്‍ മാത്രം 22 കടകള്‍ക്കു നോട്ടിസ് നല്കി. നാലു വര്‍ഷം മുന്‍പു കാര്‍ഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫിസില്‍ അറിയിക്കാതെ ധാന്യങ്ങള്‍ കൈവശപ്പെടുത്തിയ കടയുടമകളും നോട്ടിസ് ലഭിച്ചവരില്‍പ്പെടുന്നുണ്ട്.

ഓരോ ജില്ലയിലും ആയിരത്തോളം പേര്‍ മരിച്ചവരുടെ പട്ടികയില്‍പ്പെടുന്നു എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിഗമനം. ഇവരുടെ കാര്‍ഡുകള്‍ കടയുടമകള്‍ കൈവശപ്പെടുത്തിയ അവസ്ഥയാണ്. എവൈ, ബിപിഎല്‍ വിഭാഗം കാര്‍ഡുടമകളുടെ പേരിലാണ് വെട്ടിപ്പ് കൂടുതലും നടക്കുന്നത്.

എവൈ കാര്‍ഡുടമയ്ക്ക് ഓരോ മാസവും 35 കിലോ അരിയും 5 കിലോ ഗോതമ്പും അര ലിറ്റര്‍ മണ്ണെണ്ണയും ഒരു കിലോ പഞ്ചസാരയും സൗജന്യമായി ലഭിക്കും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നിസ്സാര വിലയ്ക്കും റേഷന്‍ ലഭിക്കും. കാര്‍ഡുടമ മരിച്ചാല്‍ ഇവരുടെ കാര്‍ഡുപയോഗിച്ചു റേഷന്‍ വിഹിതം മാന്വല്‍ രീതിയില്‍ കടയുടമകള്‍ തന്നെ തട്ടിയെടുക്കുകയാണെന്നാണ് കണ്ടെത്തിയത്.

പിറവത്തെ റേഷന്‍ കടയുടമ രണ്ടു രണ്ടു കാര്‍ഡുകളിലൂടെ മാത്രം തട്ടിയത് 2000 കിലോ അരിയാണ്. കടയില്‍ നിന്നും രണ്ട് എവൈ കാര്‍ഡുകള്‍ റേഷനിങ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെടുത്തു. ഇത്തരം സംഭവത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അന്വേഷണം പ്രഖ്യാപിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആലോചന.

Exit mobile version