മലപ്പുറം: ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ പാഞ്ഞുപോയത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥികളെ വണ്ടി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് സ്വകാര്യ ബസ് ഡ്രൈവർ. ബസിനു മുന്നിൽ കുടുങ്ങിയ വിദ്യാർത്ഥി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഐടിഐ ബസ് സ്റ്റോപ്പിൽ നിർത്താതെ പോയ സ്വകാര്യ ബസാണ് വിദ്യാർത്ഥികൾ ചേർന്ന് നടുറോഡിൽ തടഞ്ഞത്. തുടർന്ന് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ പ്രകോപിതനായ ഡ്രൈവർ മുന്നിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ചിലർ കുതറിമാറിയെങ്കിലും ഒരാൾ ബസിന്റെ മുൻവശത്ത് കുടുങ്ങി. ബസിന് മുന്നിൽ തൂങ്ങിപ്പിടിച്ച് നിന്നാണ് ഈ വിദ്യാർത്ഥി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഈ വിദ്യാർത്ഥിയുമായി ഏകദേശം 150 മീറ്ററോളം ദൂരം ബസ് സഞ്ചരിക്കുകയും ചെയ്തു.
അതേസമയം, തങ്ങളെ ബസ് ഇടിപ്പിച്ച് കൊലപ്പെടുത്താനാണ് ജീവനക്കാർ ശ്രമിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും ഇവർ പറഞ്ഞു. അതേസമയം, വിദ്യാർത്ഥികൾ ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചതായും ബസ് തല്ലിത്തകർത്തെന്നുമാണ് ബസ് ഉടമയുടെ ആരോപണം. സംഭവത്തിൽ ഇരുകൂട്ടരും പോലീസിൽ പരാതി നൽകി.
Discussion about this post