മലപ്പുറം: നാടിന്റെ ഒരുമയ്ക്ക് പേരുകേട്ട മലപ്പുറത്തു നിന്നും വീണ്ടും സന്തോഷം നൽകുന്ന കൂട്ടായ്മയുടെ വിജയത്തിന്റെ വീഡിയോ പുറത്ത്. മലപ്പുറത്തിന്റെയും അരീക്കോടിന്റെയും ഒരുമ എന്ന തലക്കെട്ടിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വീഡിയോ. റോഡിൽ കുടുങ്ങിപ്പോയ ടൺകണക്കിന് ഭാരം വഹിച്ചുവന്ന ഒരു കണ്ടെയ്‌നർ ലോറിയെ ഒരു നാടാകെ ഒരുമിച്ചാണ് രക്ഷിച്ചെടുത്തത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. സംഭവത്തിന് ദൃസാക്ഷിയായ 8 വയസുകാരൻ ഗോവർധൻ ഈ വീഡിയോ പകർത്തിയത്.
മലപ്പുറം അരീക്കോട് റോഡ്പണിമൂലം വാഹനങ്ങൾ മൈത്ര പാലം വഴി മൂർക്കനാട് കൂടിയാണ് മുക്കം റോഡിൽ ചേരുന്നത്. ഇങ്ങനെ എറണാകുളത്ത് നിന്ന് താമരശ്ശേരിയിലേക്ക് പോയ 40 ടൺ മാർബിൾ കയറ്റിയ കണ്ടെയ്‌നറാണ് മൂർക്കനാട് മൈത്ര ചോല എസ് വളവിലെ കയറ്റത്തിൽ കുടുങ്ങിയത്. ഇതോടെ സ്ഥലത്ത് വൻ ഗതാഗത കുരുക്കും രൂപപ്പെട്ടു.
കണ്ടെയ്‌നറിനെ ടിപ്പറുപയോഗിച്ച് വലിച്ചെങ്കിലും കയർ പൊട്ടിയതോടെ പോലീസ് എത്തി ജെസിബി കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ഒരു കൈ നോക്കാമെന്ന തീരുമാനത്തിൽ അവിടെ കൂടിയ നാട്ടുകാർ മറ്റൊരു കയർ കൊണ്ട് ലോറിയെ നീക്കാൻ ശ്രമിക്കുകയായിരുന്നു. ശ്രമം വിജയിച്ചതോടെ ഇത് നാടിന്റെ തന്നെ ഒരുമയുടെ വിജയമായി. ഭാരമേറിയ ലോറിയെ കയർ ഉപയോഗിച്ച് കെട്ടിവലിച്ച് കുരുക്ക് ഒഴിവാക്കിയ നാട്ടുകാരുടെ ഒരുമയ്ക്ക് ഇപ്പോൾ കൈയ്യടി നൽകുകയാണ് സോഷ്യൽമീഡിയ.
Discussion about this post