തൃശ്ശൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരായി കൊച്ചിയില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് തൃശ്ശൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിനെതിരെ സിബിഎസ്ഇയും വിദ്യാഭ്യാസ വകുപ്പും. മതധ്രുവീകരണം നടത്തിയതിന് സ്‌കൂളിന്റെ അഫിലിയേഷന്‍ എടുത്തു കളയാതിരിക്കാന്‍ സിബിഎസ്ഇയാണ് ആദ്യം വിശദീകരണം ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ വിദ്യഭ്യാസ വകുപ്പും സ്‌കൂളില്‍ പരിശോധന നടത്തി നടപടിയെടുക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ്.
മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ചാവക്കാട് ഡിഇഒയാണ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കെത്തിയത്. സമരം ചെയ്യിക്കാനല്ല കുട്ടികളെ ജനകീയ സമര വേദികളില്‍ കൊണ്ടുപോകുന്നതെന്നും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണെന്നും സ്‌കൂള്‍ സിബിഎസ്ഇക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്.
അതേസമയം, വിദ്യാര്‍ത്ഥികളെ കൊണ്ടു പോയതില്‍ തെറ്റില്ലെന്ന് കരുതുന്നതായി സ്‌കൂള്‍ മാനേജര്‍ ഹുസൈന്‍ പിടി മുഹമ്മദ് ഹൂസൈന്‍ പറഞ്ഞു. മലയാള മനോരമ പത്രത്തില്‍ വന്ന ഒരു ചിത്രം ചൂണ്ടിക്കാട്ടി ഒരു അമേരിക്കന്‍ മലയാളിയാണ് സിബിഎസ്ഇക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ കോപ്പി കിട്ടിയിട്ടുണ്ടെന്നും ഹുസൈന്‍ പറഞ്ഞു.
കന്യാസ്ത്രീ സമരത്തില്‍ തങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ കുട്ടികളുമായി ചെന്ന് പങ്കെടുത്തത് പ്രവൃത്തി ദിവസമല്ലാത്ത ശനിയാഴ്ചയായിരുന്നു. ഇരുപത്തിയഞ്ചോളം കുട്ടികളും അധ്യാപകരുമാണ് പോയിരുന്നത്. താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം എന്ന തരത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണ്ണസമ്മതത്തോടെയും യാതൊരു സമ്മര്‍ദ്ദവും ചെലുത്താതെയാണ് കുട്ടികളെ കൊണ്ടുപോയതെന്നും ഹുസൈന്‍ പറഞ്ഞു.
സ്‌കൂളില്‍ പരിശോധന നടത്തിപ്പോയവര്‍ ഇതുകൊണ്ട് അവസാനിക്കുകയില്ലെന്ന് പറഞ്ഞാണ് പോയത്. ഇനിയും തുടര്‍ നടപടികളുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്. സാധാരണ നടപടികളുടെ ഭാഗമാണോ അല്ലെങ്കില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നുള്ളതൊന്നും അറിയില്ല. സ്‌കൂളിന് നേരെ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുമെന്നത് പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ട് നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ഹുസൈന്‍ പറഞ്ഞു.