ഒരുമിച്ചല്ല, ഒറ്റയ്ക്ക്; പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്തസമരത്തില്‍ നിന്നും മുസ്‌ലിം ലീഗും പിന്മാറുന്നു

മലപ്പുറം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന് പിറകെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന നിലപാടില്‍ നിന്നും മുസ്‌ലിം ലീഗും പിന്‍വാങ്ങുകയാണ്.

നിലവില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് പരസ്പരം എതിര്‍ക്കുന്നവര്‍ ഡല്‍ഹിയില്‍ ഒരുമിച്ച് നില്‍ക്കുമെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സംയുക്ത സമരത്തില്‍ നിന്നും ലീഗിന്റെ പിന്മാറ്റം.

ഒറ്റക്കെട്ടായ സമരത്തിന്റെ രാഷ്ട്രീയലാഭം എല്‍ഡിഎഫിനായിരിക്കുമെന്ന വിലയിരുത്തലുകളും ലീഗിന്റെ നിലപാട് മാറ്റത്തിന് കാരണമാണ്. ഒറ്റക്കെട്ടായ സമരമെന്ന നിലപാട് ലീഗ് നേതാക്കള്‍ ഒരേ മനസ്സോടെയാണ് എടുത്തതെങ്കിലും പിന്നീട് എംകെ മുനീര്‍ അടക്കമുള്ള നേതാക്കള്‍ അതില്‍ നിന്ന് പിന്മാറിയിരുന്നു.

മുനീര്‍ നടത്തിയ സമരത്തിലേക്ക് ക്ഷണിച്ചിട്ടും സിപിഎം എംഎല്‍എമാര്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിലപാട് മാറ്റം. അതേസമയം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത ഒറ്റക്കെട്ടായ സമരം വേണമെന്ന നിലപാടിലാണ് തുടക്കം മുതലേ.

Exit mobile version