തൃശ്ശൂർ: യുവജനങ്ങൾക്ക് എക്കാലവും മാതൃകയും പ്രചോദനവുമായ യുവാക്കളുടെ സംഘടന ഡിവൈഎഫ്‌ഐ വീണ്ടും വിസ്മയകരമായ സത്പ്രവർത്തിയിലൂടെ സാധാരണക്കാരുടെ ഹൃദയത്തിലിടം നേടിയിരിക്കുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതിച്ചോറ് വിതരണം ഒരു മുടക്കവുമില്ലാതെ ആയിരം ദിനം പിന്നിടുന്നു. ഹൃദയപൂർവ്വം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ജാതി-മത-പാർട്ടി ഭേദമന്യെ വിവിധ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഓരോ പൊതിച്ചോറുകൾ ആശുപത്രിയിലെത്തിച്ച് സൗജന്യമായി വിതരണം ചെയ്യുകയാണ് ഡിവൈഎഫ്‌ഐ ചെയ്യുന്നത്.
ഡിവൈഎഫ്‌ഐയുടെ, നന്മയുടെ പര്യായമായ അനേകായിരം പ്രവൃത്തികളിലൊന്നായ ‘ഹൃദയപൂർവ്വം’ എന്ന ഈ പദ്ധതിയെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത കവി ഡോ. സി രാവുണ്ണി. ഈ ദിനം വരെ അമ്പതുലക്ഷം ഭക്ഷണപ്പൊതികളാണ് സംഘടന വിതരണം ചെയ്തത്. ഒപ്പം അതോടൊപ്പമുള്ള രക്തദാന പരിപാടിയുടെ ഭാഗമായി കാൽ ലക്ഷം യുവാക്കൾ രക്തം ദാനവും ചെയ്‌തെന്ന് ഡോ. സി രാവുണ്ണി ഫേസ്ബുക്കിൽ കുറിക്കുന്നു.
ഡിവൈഎഫ്‌ഐയുടെ ആയിരം ദിനം പിന്നിട്ട മാതൃകാ പ്രവർത്തിക്ക് മുൻ എംപി പികെ ബിജുവും ചലച്ചിത്ര താരം ഇർഷാദും, സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം കെകെ രാമചന്ദ്രനും ഉൾപ്പടെയുള്ള പ്രമുഖർ ആദരമൊരുക്കുകയും ചെയ്യുന്നുണ്ട്. ഫെബ്രുവരി 10ാം തീയതി തിങ്കളാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിവൈഎഫ്‌ഐയുടെ മാതൃകാ പ്രവർത്തിയെ കുറിച്ച് മുൻ ഡിവൈഎഫ്‌ഐ നേതാവുകൂടിയായിരുന്ന ഡോ. സി രാവുണ്ണി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
ഹൃദയപൂർവ്വം ഡിവൈഎഫ്ഐ
രാവുണ്ണി
ഡി വൈ എഫ് ഐ എന്നാൽ എനിക്കത് ഇംഗ്ലീഷ് അക്ഷരമാലയിലെ നാലക്ഷരമല്ല. എന്റെ യൗവ്വനമാണത്. ഇന്ത്യയുടെ യുവത്വമാണത്. സമരങ്ങളുടെ ജ്വാലയാണത്. എന്നെ നേർവഴിയ്ക്കു നയിച്ച പതാകയാണത്. ലോക പരിസ്ഥിതി ദിനം പലർക്കും പടമെടുപ്പും വാചകമടിയും മാത്രമായി ചുരുങ്ങിയപ്പോഴും കോടിക്കണക്കിന് വൃക്ഷങ്ങൾ നട്ട് ഭൂമിയെ പച്ച പുതപ്പിച്ചവരുടെ സംഘടനയാണിത്. വറ്റിപ്പോയ പുഴകളെ വീണ്ടെടുത്തവർ.തൂർന്നു മറഞ്ഞ കുളങ്ങളെ കുഴിച്ചെടുത്തവർ. ഗ്രാമങ്ങളെ വിളിച്ചുണർത്തിയവർ. നാടിന് കാവൽ നിന്നവർ.പ്രളയത്തിൽ വിളിയും മറുവിളിയുമായി പാതിരാവിൽ പോലും ഓടിയെത്തിയവർ .എത്രയോ രോഗികൾക്ക് മരുന്നു വാങ്ങിക്കൊടുത്തവർ .എത്രയെത്രയോ വീടുകൾ പണിതു കൊടുത്തവർ.എത്രയോ പേരുടെ കണ്ണീരു തുടച്ചവർ. അനേകായിരങ്ങൾക്കു തുണ നിന്നവർ.നീതിക്കും ന്യായത്തിനും വേണ്ടി പൊരുതിയവർ. തല്ലു കൊണ്ടവർ. ജയിലിൽ പോയവർ.കോടതിയിലും പോലീസ് സ്റ്റേഷനിലും കേറിയിറങ്ങിയവർ. ഇവരെല്ലാം ഉയർത്തിപ്പിടിച്ച വെൺകൊടിയെ ‘നാടിന്റെ കാവലാൾ ‘ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാൻ.
ഇരമ്പിയടിച്ച ഈ യുവജന സമുദ്രത്തിൽ ഒരു കണികയായി ഞാനുമുണ്ടായിരുന്നു. അരിമ്പൂരിലെ ഡി വൈ എഫ് ഐ യുടെ ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ. ഞാനും ഉയർത്തിപ്പിടിച്ച പതാകയാണിത്.
ഡി വൈ എഫ് ഐ ചെയ്ത അനേകായിരം പ്രവൃത്തികളിലൊന്നാണ് ‘ഹൃദയപൂർവ്വം’.മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കൊടുക്കൽ.ഓരോ ദിവസത്തെയും ഭക്ഷണം നല്കിയത് ഓരോ നാടുകളാണ്. ഓരോ ദിവസവും നൂറുകണക്കിനു അടുക്കളകൾ ഡി വൈ എഫ് ഐ യുടേതായി. ജാതി മത പാർട്ടി ഭേദങ്ങൾ മറന്ന് വീട്ടമ്മമാർ ഭക്ഷണപ്പൊതികളൊരുക്കി ഡി വൈ എഫ് ഐ പ്രവർത്തകരെ കാത്തു നിന്നു.ഒരു നാൾ പോലും മുടങ്ങാതെ ആയിരം ദിവസം പൂർത്തിയായിരിക്കുന്നു. അമ്പതുലക്ഷം ഭക്ഷണപ്പൊതികൾ. അതോടൊപ്പമുള്ള രക്തദാന പരിപാടിയുടെ ഭാഗമായി കാൽ ലക്ഷം യുവാക്കളുടെ രക്തം.
ഏതു പത്രത്തിൽ ഈ വാർത്ത വരുന്നു എന്നവർ നോക്കുന്നേയില്ല. ആരു അഭിനന്ദിക്കുന്നു എന്നവർ ശ്രദ്ധിക്കുന്നേയില്ല. ചെഗുവേരയുടെ ചിത്രമാണവർ അണിഞ്ഞിരിക്കുന്നത്.
കാലം അവരെ നോക്കി കയ്യടിക്കുന്നത് ഞാൻ കാണുന്നു.
Discussion about this post