തിരുവനന്തപുരം: കാട്ടാക്കടയിൽ ഭൂവുടമയെ മണ്ണുമാഫിയ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യവിലോപം കാണിച്ച നാല് പോലീസുകാർക്ക് സസ്പെൻഷൻ. കാട്ടാക്കട സ്റ്റേഷനിലെ എഎസ്ഐ അനിൽ കുമാർ, സിപിഒമാരായ ഹരികുമാർ, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. കേസ് കൈകാര്യം ചെയ്തതിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നേരത്തെ, പോലീസിന്റെ അനാസ്ഥയ്ക്കെതിരേ കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മണ്ണുമാഫിയക്കാർ അനുവാദമില്ലാതെ മണ്ണെടുക്കുന്നുവെന്ന് അറിയിച്ചിട്ടും പോലീസ് എത്തിയില്ലെന്നും പരിസരത്ത് പോലീസ് സംഘം ഉണ്ടായിരുന്നിട്ടും ആക്രമണം നടന്നത് വിളിച്ചുപറഞ്ഞിട്ടും എത്തിയില്ലെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. വിളിച്ചസമയത്ത് എത്തിയിരുന്നെങ്കിൽ സംഗീതിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് സംഗീതിന്റെ ഭാര്യ സംഗീതയും പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പി ബി അശോക് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി
Discussion about this post