മലപ്പുറം: മഹാത്മാ ഗാന്ധിയുടെ ഘാതകർ ആർഎസ്എസ് ആണെന്ന ബോർഡ് വെച്ചതിന്റൈ പേരിൽ പോലീസ് കേസെടുത്തു. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്നെഴുതിയ ബാനർ വെച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം കുന്നുമ്മൽ സർക്കിളിൽ ആണ് ബോർഡ് സ്ഥാപിച്ചത്.
ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ കോലം കെട്ടിതൂക്കി അതിനൊപ്പം ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് ബാനറിൽ എഴുതി വെച്ചതാണ് പോലീസ് കേസെടുക്കാൻ കാരണം. ബോർഡ് ഇരുവിഭാഗങ്ങളും തമ്മിൽ സ്പർദ്ധ ഉണ്ടാക്കുമെന്നാണ് വിശദീകരണം. സംഭവത്തിൽ പോലീസ് സ്വമേധയാണ് കേസെടുത്തത്.
നേരത്തെ ഹിറ്റ്‌ലറുടെയും മോഡിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് മൂന്ന് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി മങ്കട പ്രാദേശിക നേതാവിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബോർഡ് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് പോലീസ് വിശദീകരണം. അറസ്റ്റിന് പിന്നാലെ പ്രതികളെ ജാമ്യത്തിൽ വിട്ടു.