തിരുവനന്തപുരം: ആള്‍ത്താമസമില്ലാത്ത വീടിന്റെ വാതില്‍ അടക്കം മോഷ്ടിച്ച് കൊണ്ടുപോകുന്ന ‘ക്രേസി ഗോപാലനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. നാവായിക്കുളം എസ്‌കെ മന്‍സിലില്‍ സി രാകേഷിന്റെ കരവാരം പറക്കുളം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിന്റെ വാതിലുകളും ജനാലകളും ഇളക്കി മാറ്റി ഉള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറും മുകളില്‍ പാകിയിരുന്ന ഓടുമുള്‍പ്പെടെ എല്ലാം കള്ളന്‍ കൊണ്ടുപോയി. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പരാതിയില്‍ പറയുന്നു.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ ഒന്നര വര്‍ഷമായി സ്വന്തം വീട് പൂട്ടിയിട്ട് നാവായിക്കുളത്ത് വാടക വീട്ടിലാണ് രാകേഷ് താമസിക്കുന്നതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ കള്ളന്‍ എട്ടു വാതിലുകള്‍,10 ജനാല,രണ്ടു കട്ടില്‍,അലമാര, മച്ചിലെ തടികള്‍ എന്നിവയാണ് പ്രധാനമായും മോഷ്ടിച്ചത്.
ഒരാഴ്ചയ്ക്കു മുന്‍പ് നാവായിക്കുളത്തെ പഴയ ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയില്‍ ഇദ്ദേഹത്തിന്റെ വീട്ടിലുള്ളതു പോലുള്ള ഫര്‍ണിച്ചര്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടതോടെയാണ് രാകേഷിന് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും മോഷണം പോയ അതേ സാധനങ്ങളാണ് കടയില്‍ കണ്ടതെന്ന് ബോധ്യമായി. മോഷണ മുതലാണെന്ന് കടക്കാരും അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.