കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മരുന്നുകളും സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചുമൂടാന്‍ ശ്രമം; കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍

കോതമംഗലം: ഉപയോഗശൂന്യമായ മരുന്നുകള്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കോതമംഗലം വടാട്ടുപാറയിലെ ഒരു സ്വാകാര്യവ്യക്തിയുടെ പറമ്പിലാണ് നൂറുകണക്കിന് ചാക്കുകളില്‍ നിറച്ച കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മരുന്നുകളും കുഴിച്ചുമൂടാന്‍ ശ്രമിച്ചത്.

പറമ്പില്‍ മീന്‍കുളം നിര്‍മിക്കുന്നതിന് കുഴിച്ച സ്ഥലത്താണ് മരുന്നുകള്‍ കൊണ്ട് തള്ളിയത്. സംഭവമറിഞ്ഞ നാട്ടുകാര്‍ സ്ഥലത്തെത്തി ഇത് തടയുകയായിരുന്നു. ജനവാസമേഖലയില്‍ മരുന്നുകള്‍ കുഴിച്ചിടുന്നത് കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെ മലിനമാകാന്‍ ഇടയാക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഹെല്‍ത്ത് ഡ്രിങ്ക്‌സ്, ഷാമ്പൂ, സോപ്പ്, ഗുളികള്‍, ഓയിലുകള്‍, വിവിധതരം ക്രീമുകള്‍, സ്‌പ്രേകള്‍ തുടങ്ങിയവയുടെ വന്‍ശേഖരമാണ് ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി വിറ്റഴിക്കുന്ന വിലകൂടിയ ഉല്‍പന്നങ്ങളാണ് ഇതില്‍ കുടുതലും. കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെമെന്ന് നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെട്ടു.

Exit mobile version