തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം പിൻവലിച്ച് സംസ്ഥാന സർക്കാർ. പുതിയ കേസുകൾ സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം പിൻവലിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വുഹാനിൽനിന്ന് വന്ന മൂന്നുപേരിൽ രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുൻകരുതലെന്നോണം വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. പിന്നീട് ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുള്ളവരെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. എന്നാൽ, ഇവരുടെ സാംപിളിൽ കൊറോണ വൈറസ് കണ്ടെത്താനായില്ല.
കൂടാതെ വുഹാനിൽ നിന്ന് തിരിച്ചത്തിയ 72 പേരിൽ മൂന്ന് പേരിൽ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതും. ബാക്കി 61 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചെങ്കിലും അതീവ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.