തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് നിയമസഭയിൽ ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതി വിഷയം ഒരു മതവിഭാഗത്തിന്റെ പ്രശ്നമെന്ന നിലയിൽ സംസ്ഥാന സർക്കാർ കണ്ടിട്ടില്ല. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് കേന്ദ്രം വിളിച്ച യോഗത്തിലും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സെൻസസ് സാധാരണ നടപടിയാണ്, എൻപിആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങളൊന്നും സെൻസസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
അതേസമയം, മുഖ്യമന്ത്രി പറയുന്നത് വെറും തള്ള് മാത്രമാണെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ കെഎം ഷാജിയുടെ മറുപടി. ഇതൊരു മുസ്ലിം പ്രശ്നം അല്ല. മുസ്ലീങ്ങളെ കെട്ടി പിടിച്ചാൽ തീരുന്നതുമല്ല പ്രശ്നമെന്ന് കെഎം ഷാജി പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രസർക്കാരിനാണെന്നും കെഎം ഷാജി ഓർമ്മിപ്പിച്ചു. ബംഗാൾ നിലപാടിനെ പരാമർശിച്ച കെഎം ഷാജിയുടെ പ്രസംഗം ഭരണ പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി. അതേസമയം, വേണ്ടത് സംയുക്ത സമരമാണെന്നും ഞങ്ങൾ-നിങ്ങൾ മനോഭാവം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post