കൊച്ചി; ആദായ നികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഇളയദളപതി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്‌ഐ നേതൃത്വവും പിവി അന്‍വര്‍ എംഎല്‍എയും. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പിന്തുണ പ്രഖ്യാപിച്ചത്. വിജയിയെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയെന്നാണ് എസ്എഫ്‌ഐ കുറിച്ചത്. കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പ് എത്തിയത്. താരത്തിന്റെ ചിത്രം കൂടി പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ പിവി അന്‍വര്‍ എംഎല്‍എയും ഫേസ്ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. താരം അഭിനയിച്ച മെര്‍സല്‍ എന്ന സിനിമയിലെ വിജയിയുടെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചാണ് എംഎല്‍എ പിന്തുണ അറിയിച്ചത്. ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ വളര്‍ച്ചക്ക് തടയിട്ടെന്നും സി ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഢ്യമെന്നുമാണ് അദ്ദേഹം കുറിച്ചത്. അതേസമയം, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ താരം വിജയിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കാന്‍ ആരാധകര്‍ക്ക് വിജയ് ഫാന്‍സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ രാത്രിയിലും തുടരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ രംഗത്തെത്തിയത്.
അതേസമയം സമൂഹമാധ്യമങ്ങളിലും താരത്തിന് പതിന്‍മടങ്ങ് പിന്തുണയാണ് ലഭിക്കുന്നത്. താരത്തിന്റെ പേരില്‍ ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് വിജയിനെ ചോദ്യം ചെയ്യുന്നത്. ബിഗില്‍ സിനിമയില്‍ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.