തൃപ്പൂണിത്തുറ: ഷൂവില്‍ ഇരുന്ന പാമ്പ് കുട്ടിയെ കടിച്ചു, ബൈക്കില്‍ കയറി കൂടിയ പാമ്പ് യുവാവിനെ കടിച്ചു. തുടങ്ങിയ പല വാര്‍ത്തകളും നാം ദിനംപ്രതി കേള്‍ക്കുന്ന ഒന്നാണ്. ഇപ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതില്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിഞ്ഞു മാറിയത്. ഇത്തവണ ബൈക്കില്‍ അല്ല, മറിച്ച് ഹെല്‍മെറ്റിലാണ്. കണ്ടനാട് സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ സംകൃതാധ്യാപകന്‍ മാമല കക്കാട് വാരിയത്ത് ‘അച്യുതവിഹാറി’ല്‍ കെഎ രഞ്ജിത്തിന്റെ ഹെല്‍െമറ്റിലാണ് വിഷമേറിയ ‘വളവളപ്പന്‍’ പാമ്പ് കയറി കൂടിയത്.
ബുധനാഴ്ച രാവിലെ 8.30-ഓടെ വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കണ്ടനാട് സ്‌കൂളില്‍ ഹെല്‍െമറ്റ് ധരിച്ചുകൊണ്ടു തന്നെയാണ് രഞ്ജിത്ത് ബൈക്കോടിച്ചു വന്നത്. തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി സ്‌കൂളില്‍ സംസ്‌കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. അപ്പോഴും പാമ്പ് ഹെല്‍മെറ്റില്‍ കയറിയത് രഞ്ജിത്ത് അറിഞ്ഞിരുന്നില്ല. പിന്നീട് 11.30-ന് പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് ഹെല്‍മെറ്റിനുള്ളില്‍ പാമ്പിന്റെ വാല്‍ കണ്ടത്.
ബഹളം കേട്ട് അധ്യാപകരും ഓടിയെത്തി. ഹെല്‍െമറ്റ് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ഞെരിഞ്ഞ് ചത്തനിലയില്‍ പാമ്പിനെ കണ്ടത്. ഇത് കണ്ടതോടെ രഞ്ജിത്തും മറ്റുള്ളവരും ഭയന്നു. ഉടന്‍തന്നെ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് വിശദപരിശോധന നടത്തി. രക്തം പലതവണ പരിശോധിച്ചു. മുറിവോ മറ്റൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
വീടിനടുത്ത് കുളമൊക്കെ ഉള്ളതിനാല്‍ അവിടെ നിന്നാകാം പാമ്പ് ഹെല്‍െമറ്റില്‍ കയറിക്കൂടിയതെന്ന് രഞ്ജിത്ത് പറയുന്നു. ഇത്രയും ദൂരം ഹെല്‍െമറ്റ് വച്ച് ബൈക്കോടിച്ചിട്ടും യാതൊരു പ്രശ്‌നവും തോന്നിയിരുന്നില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ഭയം വിട്ടുമാറാത്തതിനാല്‍ രഞ്ജിത്ത് ഹെല്‍മെറ്റ് കത്തിക്കുകയും ചെയ്തു.
Discussion about this post