ചെറുതോണി: കഴിഞ്ഞ ഒന്നരവര്‍ഷമായി ഈ പിതാവിന്റെ ഉറക്കം വീടിന്റെ തിണ്ണയില്‍ ഇട്ട ബെഞ്ചില്‍ ഇരുന്നാണ്. കാരണം പെണ്മക്കളെ ഓര്‍ത്തുള്ള ആധി. തകര്‍ന്ന് കിടക്കുന്ന വാതിലിന് അടച്ചുറപ്പുള്ള ഒരു മുറിയോ വാതിലോ ഇല്ല. ഉറക്കത്തില്‍ വീണുപോയാല്‍ തന്റെ മക്കള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താല്‍ ഒന്ന് ശരിക്കും ഉറങ്ങാന്‍ പോലും ഈ പിതാവിന് സാധിക്കുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായുള്ള ദുരിതമാണ് ഇത്.
ചെറുതോണി ടൗണിനോടു ചേര്‍ന്നുള്ള ആറുസെന്റ് കോളനിയില്‍ താമസിക്കുന്ന പാറേപറമ്പില്‍ സജീവന് ആണ് മക്കളെ ഓര്‍ത്ത് ആധിയില്‍ വര്‍ഷങ്ങളായി ഉറക്കമൊഴിയുന്നത്. പഴയതായിരുന്നെങ്കിലും ഹോളോബ്രിക്സും ഷീറ്റും കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുകൂര കൂലിപ്പണിക്കാരനായ സജീവനുണ്ടായിരുന്നു. എന്നാല്‍ 2018 ഓഗസ്റ്റിലുണ്ടായ പ്രളയം വീടിന്റെ ഒരു ഭാഗം തകര്‍ത്തു. അന്ന് ഇടിഞ്ഞുവീണ മണ്ണ് ഇപ്പോഴും വീടിനുള്ളില്‍ കിടക്കുകയാണ്. എന്നാല്‍ സജീവന് ഇപ്പോഴും പ്രളയ സഹായം ലഭിച്ചില്ല എന്നതാണ് ഇവരുടെ കുടുംബത്തെ ദുരിതത്തിലേയ്ക്ക് തള്ളി വിട്ടത്.
വീടിന്റെ തകര്‍ന്നഭാഗത്ത് ഫ്ളക്സ് വെച്ച് കെട്ടിമറച്ച് ബാക്കിയുള്ള ഒറ്റമുറിയിലാണ് രോഗിയായ ഭാര്യയും പത്തിലും ഏഴിലും പഠിക്കുന്ന പെണ്മക്കളും ആറുവയസ്സുകാരന് മകനും കഴിയുന്നത്. വീട്ടുസാധനങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളുമെല്ലാം സൂക്ഷിക്കുന്നതും ഇവിടെ തന്നെയാണ്. വീടിനോടുചേര്‍ന്ന് ഒരു ചായ്പ്പിറക്കിയാണ് ആഹാരം പാകംചെയ്യുന്നത്. ഇവിടിരുന്നാണ് കുട്ടികള്‍ പഠിക്കുന്നതും. രാത്രിയില്‍ പേടിയാകുന്നുവെന്ന് കുട്ടികള്‍ പറഞ്ഞതോടെയാണ് സജീവന് വീടിനുമുമ്പില്‍ കാവലിരിക്കാന്‍ തുടങ്ങിയത്. കുട്ടികള്‍ പഠിച്ചുകഴിയുംവരെ സജീവന് ഒരുപോള കണ്ണടയ്ക്കാതെ കാവലിരിക്കും. അവര്‍ ഉറങ്ങിക്കഴിഞ്ഞും അവിടെയിരിക്കും. പുലര്‍ച്ചയോടടുക്കുമ്പോള്‍ തിണ്ണയിലെ ബെഞ്ചില്‍ക്കിടന്ന് ഒന്ന് കണ്ണടയ്ക്കും. ഈ ദുരിതത്തിന് എന്നെങ്കിലും അറുതി വരുമോ എന്ന ചോദ്യവുമായി കഴിയുകയാണ് സജീവന്.
Discussion about this post