തിരുവനന്തപുരം: കൊറോണയ്‌ക്കെതിരെ സംസ്ഥാനം ജാഗ്രത പുലർത്തുന്നതിനിടെ താമസിക്കാൻ ഒരു മുറി ആരും തരുന്നില്ലെന്ന പരാതിയുമായി പോലീസ് കമ്മീഷണറെ കാണാനെത്തിയ ചൈനക്കാരനെ നേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജിഷോയു ഷാഓ എന്ന ഇരുപത്തഞ്ചുകാരനെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 23ന് ഡൽഹിയിൽ വിമാനമിറങ്ങിയ ജിഷോയു കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തെത്തിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനുവരി 25 മുതലാണ് വിമാനത്താവളങ്ങളിൽ മെഡിക്കൽ സ്‌ക്രീനിങ്ങുകൾ ആരംഭിച്ചിരുന്നത്. അതേസമയം, തിരുവനന്തപുരത്തെത്തിയ ജിഷോയു നിരവധി ഹോട്ടലുകളിൽ മുറി അന്വേഷിച്ചെങ്കിലും കൊറോണ വൈറസ് ബാധ ഭയന്ന് ആരും മുറി നൽകാൻ തയ്യാറായില്ല.
തുടർന്നാണ് പരാതിയുമായി ഇദ്ദേഹം കമ്മീഷണർ ഓഫീസിലെത്തിയത്. രാജീവ് ഗാന്ധി ബയോടെക്‌നോളജിയിൽ രക്തം പരിശോധിച്ചതിന്റെ ഫലങ്ങൾ ജിഷോയുവിന്റെ കൈവശമുണ്ടായിരുന്നു. ഇത് പരിശോധിച്ച പോലീസ് അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജിഷോയുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും നിരീക്ഷണത്തിനാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതെന്നും പോലീസ് അറിയിച്ചത്.